തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരസ്യ പ്രതികരണത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കാതെ ധനമന്ത്രി തോമസ് ഐസക്. ഇനി പറയാനുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും പരസ്യമായി ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും വ്യത്യസ്തതകളുണ്ട് എന്നൊരു ധാരണ പരത്തി. ഇതൊന്നും തിരഞ്ഞെടുപ്പ് കാലത്ത് സഹായകരമല്ല. അത്തരത്തിലുള്ള വിവാദങ്ങള്‍ പാടില്ല എന്നാണ് പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറഞ്ഞത്. അത് വളരെ ശരിയായ കാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു.

മുന്‍പ് പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇനി അങ്ങനെയുള്ള കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ പറഞ്ഞാല്‍ അതിനെ ദുരുപയോഗിക്കുന്ന ആളുകളുണ്ട്. അത് അനാവശ്യമായ വിവാദങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നാലെ അതിരൂക്ഷമായ പരസ്യ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയത്.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ..എസ്.എഫ്.ഇ. പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സി.പി.എം. സെക്രട്ടറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Content Highlights: thomas isaac reacts on cpm secretariat's criticism on KSFE issue