തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നിലെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം പ്രതിപക്ഷം ഇളക്കിവിട്ട സമരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ഐസക്ക് പറഞ്ഞു. 

പല റാങ്ക് ഹോള്‍ഡര്‍ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപവത്കരിച്ചവയാണ്. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ അല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സമരത്തില്‍നിന്ന് പിന്മാറാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറാകണമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

ലിസ്റ്റില്‍ വന്നു കഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ തൊഴിലിന് അവകാശമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരവും ബഹളവും ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഉള്ളതില്‍നിന്ന് യാഥാര്‍ഥ്യം മനസ്സിലാക്കി പിന്തിരിയുകയാണ് വേണ്ടത്. പ്രതിപക്ഷത്തിന്റെ പ്രസ്താവനകളില്‍നിന്ന് അവരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. ഒരു കാരണവശാലും ലിസ്റ്റില്‍ ഉള്ള എല്ലാവരെയും നിയമിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കേരളത്തിലെ 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഏതാണ്ട് സര്‍ക്കാര്‍ ശമ്പളത്തില്‍ വരുന്ന നല്ല ജോലി നല്‍കാനുള്ള വളരെ കൃത്യമായ പരിപാടി ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

content highlights: thomas isaac on rank holders protest