ന്യൂഡല്‍ഹി: വരുംവരായ്കകള്‍ ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ ആലോചന വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വന്‍കിട പദ്ധതികള്‍ സ്ഥായിയായതാവണം. അതുകൊണ്ടുതന്നെ കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. എല്ലാ വന്‍കിട പദ്ധതികളും ഏറ്റെടുത്ത് ധനനഷ്ടം വര്‍ഷാവര്‍ഷം സര്‍ക്കാര്‍ നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും. അതുകൊണ്ട് സാങ്കേതികമായ സാധ്യതകള്‍ പരിശോധിച്ച്, ആര്‍ക്കാണ് അത് സാങ്കേതികമായി നന്നായി ചെയ്യാന്‍ സാധിക്കുകയെന്നതും വരുംവരായ്കകളും കൃത്യമായ പരിശോധന നടത്തേണ്ടിവരും. 

പല പദ്ധതികളിലും വേണ്ടത്ര പരിശോധന നടക്കാതെയാണ് നടപ്പാക്കിയത് എന്ന കാര്യം കോടതി അടക്കം നിരീക്ഷിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം പദ്ധതികളില്‍ പരിശോധന ആവശ്യമാണ്. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിശോധന അടക്കം നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. അതിന്റെയെല്ലാം ഫലം അനുകൂലമായിരിക്കും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ എടുത്തുചാടാന്‍ പറ്റില്ല.

Content Highlights: Thomas isaac, light metro project, E Sreedharan