തിരുവനന്തപുരം; സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീന്‍ ചിറ്റ് എന്ന് സൂചന. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക  വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതി ബുധനാഴ്ച വീണ്ടും യോഗം ചേരും.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാകേണ്ടി വന്നത്. ബുധനാഴ്ച അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചേരുന്ന സമിതി ഈ സഭാസമ്മേളന വേളയില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് വിവരം.

സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്.സമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫ്. അംഗങ്ങളാണ്.

കോണ്‍ഗ്രസ് എം.എല്‍.എ. വി.ഡി. സതീശനാണ് തോമസ് ഐസക്കിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ ഈ പരാതി പരിശോധിക്കുകയും പ്രിവിലേജസ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ മന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയെയും പരാതിക്കാന്റെയും ഭാഗം സമിതി കേട്ടു.

സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍വെക്കുന്നതിന് മുന്‍പേ അതിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ മന്ത്രി പുറത്തുവിട്ടു എന്നതാണ് തോമസ് ഐസക്കിനെതിരെ അവകാശലംഘന പരാതിക്ക് കാരണമായത്. സി.എ.ജിക്കുണ്ടായ വീഴ്ചയാണെന്ന രീതിയിലാണ്  മന്ത്രി സമിതിക്കു മുന്നില്‍ വിശദീകരണം നല്‍കിയത്. സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിന് മുന്‍പ് അതിലെ പലഭാഗങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും ധനമന്ത്രി എന്ന നിലയില്‍ അതിനെ പ്രതിരോധിക്കുകയായിരുന്നു എന്നുമാണ് തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുള്ളത്.

നിയമസഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കിഫ്ബി പോലൊരു സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സി.എ.ജിക്ക് അവകാശമില്ല. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സി.എ.ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനെയെല്ലാം പ്രതിരോധിക്കുക, ഇത് ജനങ്ങളെ അറിയിക്കുക, സംസ്ഥാനത്തിന്റെ താല്‍പര്യപ്രകാരം നില്‍ക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യമെന്നും തോമസ് ഐസക്ക് സമിതിക്കു മുന്‍പാകെ അറിയിച്ചു. ഇത് അവകാശലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഈ വാദത്തെ സമിതി അംഗീകരിക്കുകയായിരുന്നു.

content highlights: thomas isaac likely to get clen chit in cag report controversy