ആലപ്പുഴ: ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരിനിടെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് കെ.എം എബ്രഹാമെന്ന് മന്ത്രി പറഞ്ഞു. 

സഹാറ കേസില്‍ അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ നിലപാട് വ്യക്തമായതാണ്. അഴിമതിക്കെതിരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഉദ്യോഗസ്ഥനാണ്‌ അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം അഴിമതിക്കെതിരെ പോരാടുന്ന നിലപാടാണ് സ്വീകരിച്ചത്. വിജിലന്‍സ് നടപടിയില്‍ എന്തെങ്കിലും വീഴ്ചയുണ്ടായെങ്കില്‍ മുഖ്യമന്ത്രി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ ഉദ്യോഗസ്ഥരല്ല ഭരിച്ചവരാണ് മറുപടി പറയേണ്ടതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ.എം.എബ്രഹാമിന്റെ ഫ്ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നടപടി വിവാദമായതിന് പിന്നാലെ എബ്രഹാമിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പരിശോധനയില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിക്കുകയും ചെയ്തു. 

എന്നാല്‍ വിജിലന്‍സ് എസ്.പി.രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന താന്‍ അറിയാതെയാണെന്ന് ആയിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാട്. തുടര്‍ന്ന് രാജേന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് പരിശോധന.