കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കിനെതിരേ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്‌ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണം. ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

'സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മില്‍ എന്താണ് ബന്ധമെന്ന് ഐസക്ക് വ്യക്തമാക്കണം. കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ തോമസ് ഐസക്ക്, ശിവശങ്കറുമായും സ്വപ്‌ന സുരേഷുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. നിഷേധിക്കാന്‍ ഐസക്കിന് സാധിക്കുമോ?സ്വപ്‌ന സുരേഷിന്റെ ടെലഫോണുകള്‍ പരിശോധിച്ചാല്‍ വ്യക്തമായ വിവരങ്ങള്‍ കിട്ടും. തോമസ് ഐസക്കും സ്വപ്‌നയും തമ്മില്‍ വളരെ അടുത്തബന്ധമാണ്. ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തിലും മയക്കുമരുന്നിലും മാത്രമല്ല, സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും ഈ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പങ്കാളിത്തമുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. അതിലൊരു പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസക്ക്'- സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുകയാണ് ഐസക്ക്. ഈ കേസില്‍ ഒരുപാട് സി.പി.എം. മന്ത്രിമാര്‍ക്ക് ബന്ധമുണ്ട്. ഐസക്കിന് ഈ കേസുമായി ബന്ധമുണ്ട്. അതിനാല്‍ മന്ത്രിയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

content highlights: thomas isaac have connection with swapna suresh-alleges surendran