തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക ഉത്തേജക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്. കാര്‍ഷിക മേഖല സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ആദ്യദിവസത്തെ സമീപനത്തിന്റെ തനിയാവര്‍ത്തനം മാത്രമാണ്. പാക്കേജിനായി ബജറ്റില്‍ നിന്നുള്ള അധികച്ചെലവ് ഏറിയാല്‍ ഒരു പതിനായിരം കോടി രൂപ മാത്രമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഐസകിന്റെ പ്രതികരണം. 

കുടിയേറ്റ തൊഴിലാളികള്‍ക്കായി 11000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേട്ട് അമ്പരന്നുപോയി. ഇതെന്ത് കണക്കാണെന്ന് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. ധനകാര്യ കമ്മീഷന്റെ തീര്‍പ്പു പ്രകാരം സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുകയാണിത്. ഇതിന്റെ 25 ശതമാനം കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ അനുവാദം കിട്ടി. കേരളത്തിന് ആകെ ലഭിച്ചത് 157 കോടി രൂപയാണ്. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രസ്താവിക്കാന്‍ കേന്ദ്ര ധനമന്ത്രിക്ക് ഏങ്ങനെ കഴിയുന്നുവെന്നും തോമസ് ഐസക് ചോദിച്ചു.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വളരെ ഭീകരമാണ്. എന്നിട്ടും കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. കാര്‍ഷിക മേഖല ഭീകരമായ തകര്‍ച്ചയിലാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കിലും നിലവിലെ കടത്തിന്റെ മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും കേന്ദ്രം എഴുതിത്തള്ളണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. 

10000 കോടി രൂപ തൊഴിലുറപ്പിലൂടെ നല്‍കിയെന്നാണ് ധനമന്ത്രി പറയുന്നത്. ഇതുവരെ 39000 കോടി രൂപ ഈ വര്‍ഷം റിലീസ് ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ, ഇതുമുഴുവന്‍ മുന്‍വര്‍ഷത്തെ കുടിശിക തീര്‍ക്കാനാണ്. ഈ വര്‍ഷത്തെ പണിക്ക് ഒരുപൈസപോലും ഇതുവരെ അനുവദിച്ചിട്ടില്ലെന്നും ഐസക് കുറ്റപ്പെടുത്തി.

കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പില്‍ ജോലി നല്‍കുമെന്നുള്ളതാണ് മറ്റൊരു വലിയ പ്രഖ്യാപനം. നല്ലത്. പക്ഷെ, 60000 കോടി രൂപയുടെ തൊഴിലുറപ്പ് ബജറ്റ് അടങ്കലില്‍ ഒരു പൈസപോലും വര്‍ദ്ധനവ് നടത്താന്‍ ധനമന്ത്രി തയ്യാറല്ല. ഈ വറുതിയുടെ കാലത്ത് 100 ദിവസത്തെ പണി 150 ആക്കാനും സമ്മതമല്ല. തൊഴിലുറപ്പിനെ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും സമ്മതമല്ല. ധനമന്ത്രിയുടേത് വെറും വാചകമടി മാത്രമാണെന്നും തോമസ് ഐസക് തുറന്നടിച്ചു. 

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉത്തേജക പാക്കേജിന്റെ ആരവമെല്ലാം കെട്ടടങ്ങുന്നതിന് ഒരു ദിവസം വേണ്ടിവന്നില്ല. സെന്‍സെക്‌സ് ഇന്ന് 885 പോയിന്റാണ് ഇടിഞ്ഞത്. ഒരു പ്രമുഖ നിരീക്ഷകന്റെ കാഴ്ചപ്പാടില്‍ ഉത്തേജക പാക്കേജ് ഏതാണ്ട് പൂര്‍ണ്ണമായും നിലവിലുള്ള സ്‌കീമുകളുടെയും സ്ഥാപനങ്ങളുടെയും ലിവറേജിംങ് മാത്രമാണെന്ന് കമ്പോളത്തിനു ബോധ്യപ്പെട്ടു. രണ്ടാംദിവസത്തെ കാര്‍ഷിക മേഖല സംബന്ധിച്ച പ്രഖ്യാപനങ്ങളും ആദ്യദിവസത്തെ സമീപനത്തിന്റെ തനിയാവര്‍ത്തനം മാത്രമാണ്. ബജറ്റില്‍ നിന്നുള്ള അധികച്ചെലവ് ഏറിയാല്‍ ഒരു പതിനായിരം കോടി രൂപ മാത്രം.

കാര്‍ഷിക മേഖല ഭീകരമായ തകര്‍ച്ചയിലാണ്. നിര്‍മ്മലാ സീതാരാമന്‍ ഊന്നിപ്പറഞ്ഞ കണക്കു തന്നെയാണ് ഇതിനുള്ള തെളിവ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 63 ലക്ഷം കൃഷിക്കാര്‍ക്ക് 86000 കോടി രൂപ വായ്പ നല്‍കിയത്രേ. എന്നുവച്ചാല്‍ മാസം 43000 കോടി രൂപ. എത്രയാ ശരാശരി ഒരു മാസം വായ്പ നല്‍കുക? ഏതാണ്ട് 1.2 ലക്ഷം കോടി രൂപ. ഇതിന്റെ മൂന്നിലൊന്ന് മാത്രമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് ലഭിച്ചത്. ഇതാണ് പെരുമ്പറ കൊട്ടുന്ന നേട്ടം. ഈ കുറവ് പരിഹരിക്കാന്‍ എന്താ പ്രതിവിധി? 30000 കോടി രൂപ നബാര്‍ഡ് വഴി അധിക വായ്പ നല്‍കും! കടം എഴുതിത്തള്ളിയില്ലെങ്കിലും നിലവിലെ കടത്തിന്റെ മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും എഴുതിത്തള്ളിക്കൂടേ? ആറ് മാസത്തെ മൊറട്ടോറിയത്തിന് 80000 കോടി രൂപ പലിശ വരും. അത്രയൊന്നും ബജറ്റില്‍ നല്‍കാനാവില്ലെന്നാണ് കേന്ദ്രധമന്ത്രി എടുത്തിരിക്കുന്ന നയം.

മൂന്ന് പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഒന്ന്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മത്സ്യ-ക്ഷീര മേഖലകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നത്. രണ്ട്, 30000 കോടി രൂപയുടെ നബാര്‍ഡ് റീ-ഫിനാന്‍സ്. അത്രയെങ്കിലും നല്‍കാന്‍ തോന്നിയല്ലോ. മൂന്ന്, രണ്ട് ലക്ഷം കോടി രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുവഴി ഈ വര്‍ഷം വായ്പ നല്‍കുമത്രേ. ഇപ്പോള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡു വഴി എത്രെയന്ന് കൃത്യമായി അറിയാത്തതുകൊണ്ട് ഇതിനെക്കുറിപ്പ് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ഏതായാലും ഇപ്പോള്‍ ഏതാണ്ട് ഒരു വര്‍ഷം 16 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കുന്നുണ്ട്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് 11000 കോടി രൂപ. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്നുകേട്ട് ഞാന്‍ അമ്പരന്നുപോയി. കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാന്‍. ധനകാര്യ കമ്മീഷന്റെ തീര്‍പ്പു പ്രകാരമുള്ള എസ്.ഡി.ആര്‍.എഫ് അഥവാ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുകയാണിത്. ഇതിന്റെ 25% കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ അനുവാദം കിട്ടി. കേരളത്തിന് ആകെ ലഭിച്ചത് 157 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ചെലവഴിക്കാന്‍ കളക്ര്‍മാര്‍ക്ക് കൈമാറിയിട്ടുമുണ്ട്. ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങള്‍ പ്രസ്താവിക്കാന്‍ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?

കുടിയേറ്റ തൊഴിലാളികള്‍ക്ക് പോര്‍ട്ടബിള്‍ റേഷന്‍കാര്‍ഡ് നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇപ്പോള്‍ തന്നെ ഇത് 17 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. കേരളവും നടപ്പാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. പക്ഷെ, ഒരു കാര്യം ഓര്‍ക്കണം. ഇവിടെ റേഷന്‍ വാങ്ങുമ്പോള്‍ നാട്ടിലെ റേഷന്‍ വെട്ടിക്കുറയ്ക്കപ്പെടും. അതുകൊണ്ട് കുടിയേറ്റ തൊഴിലാളിക്ക് അസ്സല്‍ നേട്ടമൊന്നും ഇല്ല.

കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പില്‍ ജോലി നല്‍കുമെന്നുള്ളതാണ് മറ്റൊരു വലിയ പ്രഖ്യാപനം. നല്ലത്. പക്ഷെ, 60000 കോടി രൂപയുടെ തൊഴിലുറപ്പ് ബജറ്റ് അടങ്കലില്‍ ഒരു പൈസപോലും വര്‍ദ്ധനവ് നടത്താന്‍ ധനമന്ത്രി തയ്യാറല്ല. ഈ വറുതിയുടെ കാലത്ത് 100 ദിവസത്തെ പണി 150 ആക്കാനും സമ്മതമല്ല. തൊഴിലുറപ്പിനെ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും സമ്മതമല്ല. വെറും വാചകമടി മാത്രം.

അതിന്റെ ഒരു സാമ്പിള്‍ ഇതാ - ഏപ്രില്‍ 1 മുതല്‍ 43 ദിവസംകൊണ്ട് 10000 കോടി രൂപ തൊഴിലുറപ്പിലൂടെ നല്‍കിയെന്നാണ് അവകാശവാദം. 14.6 കോടി പ്രവൃത്തി ദിനങ്ങള്‍ നല്‍കിയത്രേ. ആകട്ടെ. 2019 ഏപ്രില്‍ മാസത്തില്‍ എത്രയായിരുന്നു പ്രവൃത്തി ദിനങ്ങള്‍? 27.9 കോടി. 2020 ഏപ്രില്‍ മാസത്തില്‍ 11.08 കോടി. മെയ് മാസത്തില്‍ 3.5 കോടി പ്രവൃത്തി ദിനങ്ങള്‍കൂടി സൃഷ്ടിക്കപ്പെട്ടു. കേരളത്തില്‍ 2019 ഏപ്രില്‍ മാസത്തില്‍ 21.75 ലക്ഷം ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2020 ഏപ്രില്‍ മാസത്തില്‍ 11.08 ലക്ഷം തൊഴില്‍ ദിനങ്ങളും. എത്ര ഭീകരമാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ! എന്നിട്ടും അവകാശവാദങ്ങള്‍ക്ക് ഒരു കുറവുമില്ല.

10000 കോടി രൂപ തൊഴിലുറപ്പിലൂടെ നല്‍കിയെന്നാണല്ലോ പറഞ്ഞത്. ഇതുവരെ 39000 കോടി രൂപ ഈ വര്‍ഷം റിലീസ് ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ, ഇതുമുഴുവന്‍ മുന്‍വര്‍ഷത്തെ കുടിശിക തീര്‍ക്കാനാണ്. ഈ വര്‍ഷത്തെ പണിക്ക് ഒരുപൈസപോലും ഇതുവരെ അനുവദിച്ചിട്ടില്ല.

ചിരി വന്നത് നേട്ടത്തിന്റെ പട്ടികയില്‍ 12000 സ്വയംസഹായ സംഘങ്ങള്‍ പുതിയതായി രൂപീകരിച്ചെന്നു പറഞ്ഞു കേട്ടപ്പോഴാണ്. സ്വയംസഹായ സംഘങ്ങള്‍ 3 കോടി മാസ്‌കുകളും 1.2 ലക്ഷം ലിറ്റര്‍ സാനിട്ടൈസറും ഉല്‍പ്പാദിപ്പിച്ചത്രേ. കേരളത്തില്‍ കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങളുടെ എണ്ണം 3 ലക്ഷം വരും. ഒരുകോടി മാസ്‌കുകള്‍ അടിയന്തിരമായി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ സ്വയംസഹായ സംഘങ്ങള്‍ക്ക് വാചകമടിയല്ലാതെ എന്തെങ്കിലും പുതിയ സഹായമുണ്ടോ? അതുമില്ല.

ബജറ്റില്‍ നിന്നും ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ വരുന്ന അധികച്ചെലവ് അധിക റേഷന്‍ (കുടിയേറ്റ തൊഴിലാളികള്‍ക്കും, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും) 3500 കോടി രൂപ. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ബില്‍ഡിംഗ് കോംപ്ലക്‌സുകള്‍ (പിപിപി മോഡല്‍) തുക പറഞ്ഞിട്ടില്ല. 5000 കോടി രൂപ തെരുവോര കച്ചവടക്കാര്‍ക്ക്. ഇതിന്റെ പലിശ സബ്‌സിഡി ഉണ്ടെന്ന് പറഞ്ഞിട്ടില്ല. മുദ്ര, ശിശു ലോണുകള്‍ക്കുള്ള 2 ശതമാനം സബ്ഡിസി. എങ്ങനെ കൂട്ടിയാലും 10000 കോടിയില്‍ കൂടില്ല. എന്നാല്‍ പ്രഖ്യാപനമാവട്ടെ, മൂന്നുലക്ഷം കോടിയുടെ പാക്കേജെന്നാണ്. ഭയങ്കര ഉത്തേജനമായിരിക്കും കാര്‍ഷിക മേഖലയില്‍ വരാന്‍ പോകുന്നതെന്ന് വ്യക്തമായിക്കാണുമല്ലോ.

അവസാനമായി ഒരുകാര്യം കൂടി. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള ലേബര്‍ കോഡിനെയും ദേശീയ മിനിമം കൂലിയെക്കുറിച്ചും പറയുന്നുണ്ട്. ധനമന്ത്രി ഈ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ യുപിക്കും മധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ ഹരിയാനവും നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ 1000 ദിവസത്തേയ്ക്ക് കൊവിഡിന്റെ പേരില്‍ റദ്ദ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

content highlights: thomas isaac, atmanirbhar bharat package, nirmala seetharaman