ട്രഷറിയില്‍ പണമുണ്ട്, ആവശ്യത്തിന് വാക്‌സിന്‍ സര്‍ക്കാര്‍ വാങ്ങും- തോമസ് ഐസക്ക്


തോമസ് ഐസക് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ട്രഷറിയില്‍ ആവശ്യത്തിന് പണമുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ റെഡി ക്യാഷ് നല്‍കി വാങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. "ട്രഷറിയില്‍ ഇപ്പോള്‍ ക്യാഷ് ബാലന്‍സ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്‌സിന്‍ റെഡ്ഡി ക്യാഷ് നല്‍കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ട്." - ഐസക് പറഞ്ഞു. വാക്‌സിന്‍ ചലഞ്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്ബജറ്റില്‍ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്‌സിന്‍ ചലഞ്ച് എന്നാണ് പ്രതിപക്ഷനേതാവിന്റെ എമണ്ടന്‍ ചോദ്യം. വാക്‌സിന്‍ വാങ്ങാന്‍ പണം ഇല്ലേയെന്ന് മാധ്യമങ്ങളും ചോദിക്കുന്നു. വളച്ചുകെട്ടൊന്നും ഇല്ലാതെ നേരെയങ്ങു പറയട്ടേ. ട്രഷറിയില്‍ ഇപ്പോള്‍ ക്യാഷ് ബാലന്‍സ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്‌സിന്‍ റെഡ്ഡി ക്യാഷ് നല്‍കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ട്. പക്ഷെ മരുന്നു വാങ്ങുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. അവ പൂര്‍ത്തീകരിച്ച് കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പോള്‍ അടുത്ത ചോദ്യം പണം ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് വാക്‌സിന്‍ ചലഞ്ച്? ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം 1300 കോടി രൂപയെങ്കിലും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ സംസ്ഥാനത്തിനു ചെലവുവരും. അത്രയും പണം ഇപ്പോള്‍ വകയിരുത്തിയിട്ടില്ല. പക്ഷെ, അതു പ്രശ്‌നമല്ല. ബജറ്റില്‍ പ്രഖ്യാപിച്ചതാണല്ലോ. അതുകൊണ്ട് നിലവില്‍ മരുന്നിനുള്ള ബജറ്റ് ഹെഡ്ഡിനു കീഴില്‍ ഇപ്പോഴുള്ള ട്രഷറി ക്യാഷ് ബാലന്‍സില്‍ നിന്ന് അധികച്ചെലവ് നടത്താവുന്നതേയുള്ളൂ. പിന്നീട് നിയമസഭ ചേരുമ്പോള്‍ ഉപധനാഭ്യര്‍ത്ഥനയിലൂടെ സഭയുടെ അംഗീകാരം നേടിയാല്‍ മതിയാകും. ഇത് അറിയാത്ത ആളാണ് പ്രതിപക്ഷനേതാവ് എന്നു തോന്നുന്നില്ല.

പക്ഷെ, അധികച്ചെലവിനുള്ള പണം എവിടെ നിന്നു കണ്ടെത്തും? നമ്മുടെ ബജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടി രൂപയാണ്. അതില്‍ ഏതെങ്കിലും ഇനത്തില്‍ പണം കുറവുവരുത്തണം. അല്ലെങ്കില്‍ അധിക വരുമാനം കണ്ടെത്തണം. കോവിഡ് കാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇതു തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാര്‍ ഈ ആപത്ഘട്ടത്തില്‍ പ്രളയകാലത്തെന്നപോലെ നമ്മുടെ സ്വയം രക്ഷയ്ക്ക് സര്‍ക്കാരിനോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യര്‍ത്ഥന നടത്താതെ തന്നെ സഹായ ഹസ്തമായി സാധാരണക്കാര്‍ മുന്നോട്ടുവന്നതാണ് വാക്‌സിന്‍ ചലഞ്ചിന്റെ പ്രത്യേകത. സര്‍ക്കാരല്ല, സാധാരണക്കാരാണ് ചലഞ്ച് പ്രഖ്യാപിച്ചത്. അത്തരത്തിലൊരു പൗരബോധം പ്രതിപക്ഷ നേതാവിനും ബിജെപി നേതാക്കള്‍ക്കും ഇല്ലായെന്നു വ്യക്തം. എങ്കിലും ഒരു കാര്യം അവര്‍ക്ക് ഉറപ്പുനല്‍കാം. സഹായിച്ചില്ലെങ്കിലും സൗജന്യ വാക്‌സിന്‍ നിങ്ങള്‍ക്കും ഉറപ്പ്.

അപ്പോഴാണ് ട്രോളര്‍മാരുടെ രംഗപ്രവേശനം. പണം ബജറ്റില്‍ വകയിരുത്താതെയാണോ സൗജന്യം പ്രഖ്യാപിച്ചത്? പിന്നെ തെളിവായി ബജറ്റു കാലത്തെ എന്റെ അഭിമുഖങ്ങളുടെ വീഡിയോകളും. എന്തോ വലിയ തട്ടിപ്പു കണ്ടുപിടിച്ചമാതിരിയാണ് അര്‍മാദം. കോവിഡ് തുടങ്ങിയ കാലത്ത് കേന്ദ്രത്തിന്റെ കൈയ്യില്‍ പണം ഇല്ലെങ്കില്‍ നോട്ട് അച്ചടിക്കട്ടേയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ വിഡ്ഡിച്ചിരി പോലെയൊന്ന്.

ബജറ്റിംഗ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്‌നമാണിത്. ബജറ്റില്‍ രണ്ടു കണക്കുണ്ട്. ഒന്ന്, നിലവിലുള്ള ഹെഡ് ഓഫ് അക്കൗണ്ടുകളിലേയ്ക്കു നീക്കിവെയ്ക്കുന്ന വിഹിതം. രണ്ട്, പ്രസംഗത്തില്‍ പറയുന്ന ചെലവുകള്‍. പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടില്ലാതെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്ന ചെലവുകള്‍ക്ക് പിന്നീട് ഉപധനാഭ്യര്‍ത്ഥനയിലൂടെ പണം അനുവദിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ധനവിനിയോഗ രീതി. കൃത്യമായി എത്ര രൂപ വകയിരുത്തണമെന്ന് അപ്പോഴാണ് തീരുമാനിക്കുക. ബജറ്റ് അംഗീകരിച്ചു എന്നു പറഞ്ഞാല്‍ ഈ ചെലവും അംഗീകരിച്ചു എന്നാണ് അര്‍ത്ഥം.

കോവിഡ് വാക്‌സിന്‍ കേരളീയര്‍ക്ക് സൗജന്യമായി നല്‍കും എന്ന ബജറ്റ് നിര്‍ദ്ദേശം സഭ അംഗീകരിച്ചു കഴിഞ്ഞു. ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ എത്ര രൂപ മാറ്റിവെച്ചിരിക്കുന്നു എന്ന ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല. എത്ര രൂപ ആയാലും അതിനൊരു ഹെഡ് ഓഫ് അക്കൗണ്ട് സൃഷ്ടിച്ച് അധിക ധനാഭ്യര്‍ത്ഥനയിലൂടെ ആവശ്യമായ സമയത്ത് അത് നിയമസഭ അംഗീകരിക്കും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു ബേജാറും വേണ്ട. ഈ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കും അറിയാത്തവര്‍ പലതും പ്രചരിപ്പിക്കും. കാര്യഗൗരവമുള്ള ആരും അതൊന്നും കണക്കിലെടുക്കില്ല. ഇനിയഥവാ ആരെങ്കിലും ആ പ്രചരണത്തില്‍ വീണുപോയി എന്നിരിക്കട്ടെ, അവര്‍ക്കും വാക്‌സിന്‍ സൗജന്യമായിത്തന്നെ ലഭിക്കും. തെറ്റിദ്ധാരണയ്ക്ക് അടിപ്പെട്ടുപോയി എന്നതുകൊണ്ട് വാക്‌സിന്‍ ഫലപ്രദമാകില്ല എന്നൊന്നുമില്ലല്ലോ. ജനാധിപത്യത്തില്‍ കുറച്ചു തെറ്റിദ്ധാരണയൊക്കെ പടരും. അതുപക്ഷേ, കോവിഡ് പോലെ മാരകമൊന്നുമാവില്ല.

ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് കോവിഡ് വാക്‌സിന് എത്ര രൂപയാകുമെന്ന് എങ്ങനെ കണക്കു കൂട്ടാനാകും? ഇപ്പോഴത്തെ പ്രഖ്യാപനം അനുസരിച്ച് 1300 കോടി രൂപ വേണം. എന്നാല്‍ ഇനി വാക്‌സിനു വില കൂടുകയാണെങ്കിലോ? കോവാക്‌സിനു 600 രൂപയെന്നു റിപ്പോര്‍ട്ടു വന്നുകഴിഞ്ഞു. ഈ വില വര്‍ദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിക്കും. സൗജന്യമായി തരണമെന്ന് ആവശ്യപ്പെടും. കേന്ദ്രസര്‍ക്കാര്‍ ചെവികൊള്ളുന്നില്ലെങ്കില്‍ ജനങ്ങളെ ശിക്ഷിക്കില്ല. വില എത്രയായാലും സര്‍ക്കാര്‍ വാങ്ങും, ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും.

പിന്നെ, അഭിമുഖങ്ങളില്‍ പറഞ്ഞത്, ഇന്ന് നാടിന് ഏറ്റവും പ്രധാനം ഒരു ദിവസം മുമ്പെങ്കില്‍ ഒരു ദിവസം മുമ്പ് മുഴുവന്‍ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യുകയെന്നതാണ്. വാക്‌സിന്‍ ലഭ്യമാണെങ്കില്‍ കേന്ദ്രം തന്നില്ലെങ്കില്‍പോലും വില കൊടുത്തു കേരളം വാങ്ങും, ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. കാരണം വാക്‌സിന്റെ വിലയേക്കാള്‍ എത്രയോ വലുതായിരിക്കും ഉണ്ടായേക്കാവുന്ന ദേശീയ വരുമാന നഷ്ടം. ഈ തിരിച്ചറിവ് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഇല്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ അനുവാദം നല്‍കുമോ? ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നടത്തിയ രാജ്യങ്ങളില്‍ ഒന്നല്ലേ ഇന്ത്യ? ഇതിന്റെയൊക്കെ ഫലമെന്താണ്? ഇതൊന്നു ചിന്തിച്ചിട്ട് ഞാന്‍ പറഞ്ഞത് ഒന്നുകൂടി കേള്‍ക്കുക.

Content Highlights: Thomas Isaac, covid vaccine kerala, vaccine challenge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented