ടി.എം. തോമസ് ഐസക്ക് | Photo: Mathrubhumi
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഇപ്പോള്‍ത്തന്നെ 6000 കോടി രൂപ ചെലവായ പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്ന് ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ തലസ്ഥാന മേഖല വികസന പരിപാടിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. രണ്ട് പദ്ധതികളുമായും മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകണമെന്നത് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആവശ്യമാണ്. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ പ്രാദേശത്ത് വികസനം കൈവരും. നിലവില്‍ത്തന്നെ പദ്ധതിക്കുവേണ്ടി 6000 കോടി രൂപ ചെലവഴിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ 60000 കോടി രൂപ ചെലവില്‍ തലസ്ഥാന മേഖല വികസന പരിപാടിക്കും (Capital City Region Development Program) സര്‍ക്കാര്‍ രൂപം നല്കി. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗര്‍മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് ഇന്നത്തെ എം.സി. റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നുചേരുന്ന നാലുവരിപ്പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതു പിന്നീട് ആറുവരിപ്പാതയാക്കുന്നതിനും പരിപാടിയുണ്ട്. അതുകൊണ്ടുതന്നെ പദ്ധതിക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ഐസക് വ്യക്തമാക്കി. ആര്‍ക്കെങ്കിലും ഉള്‍വിളി തോന്നുമ്പോള്‍ നിര്‍ത്തിവയ്ക്കേണ്ടതാണോ വികസന പദ്ധതികളെന്നും അദ്ദേഹം ചോദിച്ചു.
ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പലതും ന്യായമായ ആവശ്യങ്ങളാണ്. വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരത്തിന് രൂക്ഷമായ തീരശോഷണമുണ്ടായിട്ടുണ്ട്. പക്ഷേ, അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ഇത്തരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നാല്‍, ഒരു ആവശ്യം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പദ്ധതി നിര്‍ത്തിവച്ച് പാരസ്ഥിതിക ആഘാത പഠനം നടത്തണം. വിദഗ്ധരെ നിയോഗിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്താം. പക്ഷേ, പദ്ധതി നിര്‍ത്തിവയ്ക്കാനാകില്ല. ഇതാണ് സര്‍ക്കാരിന്റെ നിലപാട്-ലേഖനത്തില്‍ പറയുന്നു.
Content Highlights: thomas isaac article about vizhinjam project in deshabhimani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..