തിരുവനന്തപുരം:  തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ആലപ്പുഴ കളക്ടറിന്റെ റിപ്പോര്‍ട്ടും പരിശോധിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് എജിയുടെ നിയമോപദേശം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

നിയമോപദേശം അനുസരിച്ച് ഭരണപരവും നിയമപരവുമായ സാധ്യതകള്‍ പരിശോധിക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. എജിയുടെ നിയമോപദേശത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി ഭരണപരമായ നടപടികള്‍ക്ക് തുടക്കമിട്ടത്. 

നേരത്തെ രാജി സംബന്ധിച്ച രാഷ്ട്രീയ തീരുമാനം എല്‍ഡിഎഫ് എടുത്തുകഴിഞ്ഞിരുന്നു. തോമസ് ചാണ്ടി രാജിവെക്കണമെന്നാണ് യോഗം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്‍സിപിയാണ്. അതിനുള്ള സാവകാശമെന്ന നിലയിലാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷം രണ്ടുദിവസത്തെ സാവകാശം നല്‍കിയത്. അതിനുശേഷവും രാജിക്കാര്യത്തില്‍ എന്‍സിപിയില്‍ നിന്ന് നിലപാട് മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരായ നടപടിക്ക് സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രി തുടക്കമിട്ടത്.

ചിഫ് സെക്രട്ടറി ഇന്നുതന്നെ ഫയല്‍ റവന്യു വകുപ്പിന് കൈമാറിയേക്കും. അങ്ങനെയെങ്കില്‍ ആലപ്പുഴ കളക്ടര്‍ മന്ത്രിക്കെതിരെ നടപടികള്‍ ആരംഭിക്കും. കായല്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചാല്‍ മന്ത്രിസഭയില്‍ തുടരാന്‍ തോമസ്ചാണ്ടിക്ക് സാധിക്കില്ല. കോടതിയില്‍ വാദങ്ങള്‍ പുരോഗമിക്കുന്നതിനിടെ തലസ്ഥാനത്ത് മറുവഴിയില്‍ കൂടി തോമസ് ചാണ്ടിക്കെതിരെ നടപടി തുടങ്ങിക്കഴിഞ്ഞു. രാജിസമ്മര്‍ദ്ദം കൂട്ടുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.

Thomas Chnady, Pinarayi Vijayan, lake palace Resort row