തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു. സാഹചര്യം ഗൗവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയതായാണ് റിപ്പോര്‍ട്ട്. രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സിപിഎം അദ്ദേഹത്തെ അറിയിച്ചു.  നിയമോപദേശം വരെ കാക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനമെന്നാണ് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്‌

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നാണ് സിപിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കും. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും.

എന്‍സിപിക്ക് രണ്ട് എം.എല്‍.എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി.

കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കളക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.

ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ റവന്യു മന്ത്രി നടപടിയെടുക്കുണമെന്ന് ശുപാര്‍ശയും നല്‍കിയിരുന്നു.

വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്.

അതേസമയം, തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.