ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യു മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കളക്ടര്‍ ടി വി അനുപമ ഇന്നലെ വൈകിട്ടാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും  റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച  അന്തിമ റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതു വഴി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്. 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്. 

നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്.

'കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.