തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യത്തില്‍ നിന്ന് തോമസ് ചാണ്ടി പിന്മാറുന്നതായി റിപ്പോര്‍ട്ട്. കേസിന്റെ വിധി പറയാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പിന്മാറ്റം. 

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി  പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തോമസ് ചാണ്ടി തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും

കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി 2017 നവംബറിലാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നത്. 

2017 മേയ് 24 ന്  മാര്‍ത്താണ്ഡം കായല്‍ സ്വകാര്യ വ്യക്തി കൈയേറി മണ്ണിട്ടു നികത്തിയെന്ന്  കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു.  തുടര്‍ന്ന് സംഭവത്തില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. 

അതേ സമയം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന  തോമസ് ചാണ്ടി ഹൈക്കോടതിയിലെത്തിയപ്പോള്‍ രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞിരുന്നു. രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.

Content Highlights: Thomas Chandy Lake Encroachment Case