thomas chandy caricatureവെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടിയുടേത്.  

പത്താംക്‌ളാസ് വിദ്യാഭ്യാസവും ടെലിപ്രിന്റിങ്ങും പഠിച്ച ശേഷം യൂത്ത്കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്താണ് തോമസ് ചാണ്ടി ഗള്‍ഫിലേക്ക് വിമാനം കയറിയത്. ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോറിന്റെ ചുമതലയുമായി ഗള്‍ഫ് ജോലി തുടങ്ങി. പുറംകടലിലെ പണിക്കിടയില്‍  ഛര്‍ദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് ആ പണി നിര്‍ത്തി. കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തോമസ് ചാണ്ടി ജീവിതം തുടങ്ങിയത്. 

അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തുമെത്തിയതാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയത്തിലെ വഴിത്തിരിവ്. മന്ത്രിമാര്‍ക്കും മറ്റും കുവൈത്തില്‍ ആതിഥ്യമരുളുകയായിരുന്നു സംഘടനയുടെ പ്രധാന പരിപാടി. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടാക്കാനായി. 

എണ്‍പതുകളില്‍ അദ്ദേഹം കുവൈത്തില്‍ സ്‌കൂള്‍ ബിസിനസ്സിലേക്കു കടന്നു. അതോടെയാണ് ജീവിതം മാറുന്നത്. കുവൈത്തിലെ മലയാളി കുടുംബങ്ങള്‍ക്ക് മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രശ്‌നമാണെന്നു മനസ്സിലാക്കി നാലഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്‌കൂള്‍ തുടങ്ങി. ആദ്യ വര്‍ഷം നഷ്ടമായിരുന്നു. കൂട്ടുകാര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ ഒഴിവാക്കി ചാണ്ടി സ്‌കൂള്‍ ഏറ്റെടുത്തു. 1985-ലായിരുന്നു ഇത്. 

സ്‌കൂള്‍ രക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കുവൈത്ത് യുദ്ധമെത്തി. ഉണ്ടാക്കിയതെല്ലാം നശിച്ചു. വെറുംകൈയോടെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. പിന്നീട് യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി. പിന്നെ, ഒരു കയറ്റമായിരുന്നുവെന്നാണ് തോമസ് ചാണ്ടി പറയാറ്. അഞ്ചു സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റൊറന്റ്... ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം നാട്ടിലും ഹോട്ടല്‍ വ്യവസായത്തില്‍ കാലുകുത്തി. ആലപ്പുഴയില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ലേക് പാലസ് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, 'കുവൈത്ത് ചാണ്ടി' എന്ന വിളിപ്പേരുംകിട്ടി. 

കരുണാകരന്‍ വഴി രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയക്കാരില്‍ ഏറെയടുപ്പം കെ. കരുണാകരനുമായായിരുന്നു. ആ ബന്ധം മുറുകിയതോടെ കരുണാകരന്റെ വിശ്വസ്തന്‍ എന്ന സ്ഥാനമായി തോമസ് ചാണ്ടിക്ക്. കരുണാകരന്‍ ഡി.ഐ.സി. ഉണ്ടാക്കിയപ്പോള്‍ അണിയറയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചു.

ഡി.ഐ.സി. മത്സരിക്കാന്‍ 18 പേരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ചാണ്ടിയോട് കരുണാകരന്‍ പറഞ്ഞു- 'താന്‍ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.  തനിക്ക് ഒരു സീറ്റ് തരാന്‍ പോകുന്നു. എവിടെ വേണം?'  അമ്പലപ്പുഴ എന്നായിരുന്നു ചാണ്ടിയുടെ മറുപടി. 

തനിക്ക് രാഷ്ട്രീയമറിയാമോടോ എന്നായിരുന്നു കരുണാകരന്റെ ചോദ്യം. അമ്പലപ്പുഴ ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്. അവിടെ നിങ്ങള്‍ എട്ടുതട്ടില്‍ പൊട്ടും. കുട്ടനാട്ടില്‍ മത്സരിക്ക് എന്നായി ലീഡര്‍. കുട്ടനാട് സി.പി.എം. കോട്ടയല്ലേ എന്നു ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് മറികടക്കാന്‍ കഴിയും. അവിടെ ക്രിസ്ത്യാനികള്‍ ധാരാളമുണ്ടെന്നായിരുന്നു കരുണാകരന്റെ നിരീക്ഷണം. അന്ന് 18 ഡി.ഐ.സി. സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ ജയിച്ചത് തോമസ് ചാണ്ടി മാത്രം. 

മത്സരിക്കുംമുമ്പേ 'മന്ത്രി'

കുട്ടനാട്ടില്‍നിന്ന് 2006 മുതല്‍ രണ്ടു തവണ തുടര്‍ച്ചയായി എം.എല്‍.എ.യായിരുന്ന തോമസ് ചാണ്ടിക്ക് മൂന്നാം തവണ സീറ്റ് നല്‍കേണ്ടെന്ന നിലപാടായിരുന്നു ജില്ലയിലെ സി.പി.എം. നേതൃത്വത്തിന്. കുട്ടനാട് സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ജില്ലാക്കമ്മിറ്റി പ്രമേയവും പാസ്സാക്കി. എം.എല്‍.എ. ഏറിയ സമയവും ഗള്‍ഫിലാണെന്നും മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം. ഇത് സി.പി.എമ്മിനെ ദുര്‍ബ്ബലമാക്കുന്നുവെന്നുമായിരുന്നു സി.പിഎമ്മിന്റെ പ്രയാസം.
ഇതറിഞ്ഞ് കുവൈത്തില്‍നിന്ന് നാട്ടിലെത്തിയ തോമസ് ചാണ്ടി പ്രഖ്യാപിച്ചു- ഇത്തവണയും ഞാന്‍ നില്ക്കും ജയിക്കും മന്ത്രിയുമാകും. വകുപ്പും പറഞ്ഞു- ജലവിഭവം. പറഞ്ഞതു പോലെ എല്ലാം നടന്നു, വകുപ്പ് ഒഴികെ. തോമസ് ചാണ്ടിയുടെ സ്വാധീനത്തിന്റെ ആഴം അതോടെ ജില്ലയിലെ സി.പി.എമ്മുകാര്‍ക്ക് മനസ്സിലായി. 

content highlights: thomas chandy,ncp,kerala