തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സി.പി.ഐക്ക് ഭൂഷണമല്ലെന്ന് പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. 'പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. അത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ല'. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും പ്രത്യേകം ഇമേജില്ലെന്നും അത് സര്‍ക്കാരിനേയുള്ളൂവെന്നും എ.കെ ബാലന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു എ.കെ ബാലന്റെ പ്രതികരണം. തോമസ് ചാണ്ടി രാജിവെക്കുന്നതിന് മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്നത് കൊണ്ടാണ് വിട്ട് നില്‍ക്കുന്നത് എന്ന കത്ത് മൂന്‍കൂട്ടി നല്‍കിയായിരുന്നു ബഹിഷ്‌കരണം. ഇതിനെ 'അസാധാരണ സംഭവം' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പാര്‍ട്ടി പത്രത്തില്‍ പ്രത്യേകം മുഖപ്രസംഗം എഴുതി സി.പി.ഐയും ഇന്ന് രംഗത്ത് വന്നിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നായിരുന്നു സി.പി.ഐയുടെ വിശദീകരണം. ഇതിനെതിരേയാണ് തീരുമാനം സി.പി.ഐക്ക് ഭൂഷണമല്ല എന്ന് പറഞ്ഞ് എ.കെ ബാലന്‍ രംഗത്തെത്തിയത്.