കോട്ടയം: തൊടുപുഴയില്‍ വാടക നല്‍കാത്ത കുടുംബത്തെ ഇറക്കി വിടാന്‍ ശ്രമിച്ച് സ്ഥലമുടമ. വാടകവീട്ടിലേക്കുള്ള വഴിയടക്കുകയും വെള്ളവും വൈദ്യുതിയും മുടക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ പ്രതിസന്ധി കാരണമാണ് കൂലിപ്പണിക്കാരനായ മാത്യുവിന് വാടക നല്‍കാന്‍ കഴിയാതെ പോയത്. സഹായത്തിനെത്തിയ നാട്ടുകാർക്കിടയിലേക്ക് ഉടമ ഇലഞ്ഞിക്കല്‍ തോമസ് പട്ടിയെ അഴിച്ചു വിട്ടു. തുടർന്ന് പോലീസെത്തി തോമസിനെ അറസ്റ്റ് ചെയ്തു.

വാടക തന്നില്ലെങ്കില്‍ കാലുവെട്ടുമെന്നടക്കമുള്ള ഭീഷണിയും  തോമസ് മുഴക്കിയിരുന്നെന്ന് വള്ളിക്കുന്നേൽ മാത്യുവും കുടുംബവും ആരോപിക്കുന്നുണ്ട്.

ചെറിയ കൂരയിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. മൂന്ന് ബള്‍ബ് മാത്രമാണ് വീട്ടിലുള്ളത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്. ഹൃദ്രോഗിയാണ് മാത്യുവിന്റെ ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട് ഇവര്‍ക്ക്. 1500 രൂപയാണ് ഇവരില്‍ നിന്ന് ഉടമ വാടകയീടാക്കുന്നത്. 

 "15ന് രാവിലെ വന്ന് വാടക തരണം എന്ന് ഉടമ പറഞ്ഞു, ഈ വാടക കിട്ടിയാലേ തനിക്ക് റേഷന്‍ വാങ്ങിക്കാന്‍ പറ്റുകയുള്ളൂ എന്നും ഉടമ പറഞ്ഞു. ഒഴിയാന്‍ പറ്റില്ലെന്നറിയിച്ചപ്പോഴാണ് വൈദ്യുതിയും വെള്ളവും കട്ട് ചെയ്തതും വഴിയടച്ചതും. കഴിഞ്ഞ നാലുമാസവും വാടക നൽകിയിരുന്നു ",  മാത്യു മാതൃഭൂമിയോട് പറഞ്ഞു.

 സംഭവത്തെ തുടർന്ന് മാത്യു താമസിക്കുന്ന കുടുംബത്തിനു വേണ്ടി പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചുകൊണ്ട് സ്ഥലം കണ്ടെത്തി വീട് വെച്ച് നല്‍കാനുള്ള സൗകര്യം ചെയ്തു നല്‍കുമെന്ന് നഗരസഭ ഉറപ്പ് നൽകിയിട്ടുണ്ട്.

content highlights: Thodupuzha family is asked to leave rent house, owner arrested