ജനാർദൻ
അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ആ ബീഡിത്തൊഴിലാളിയെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തില്‍ തന്നെ താമസിക്കുന്ന ജനാര്‍ദന്‍ ആണ് ആ നല്ല മനസ്സിന്റെ ഉടമ. വാക്‌സിന്‍ ചലഞ്ച് ആരംഭിച്ച ദിവസങ്ങളിലായിരുന്നു ജനാര്‍ദന്‍ വന്‍തുക സംഭാവന നല്‍കിയത്. പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥന അദ്ദേഹം ബാങ്ക് അധികൃതര്‍ക്കു മുന്നില്‍വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നല്ലമനസ്സിന്റെ ഉടമയെ എങ്ങനെ തേടിക്കണ്ടെത്താതിരിക്കും?. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സി.കെ. വിജയന്‍ ജനാര്‍ദനോട് സംസാരിച്ചപ്പോള്‍.
ആരാണ് ജനാര്‍ദന്‍
35-36 വര്‍ഷത്തോളം ദിനേശില്‍ ജോലി ചെയ്തയാളാണ്. ദിനേശില്‍നിന്ന് വിട്ടിട്ട് 10-12 വര്‍ഷത്തോളമായി. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 3000-3500 ബീഡികള്‍ തെറുക്കും. ആയിരം രൂപയോളം കിട്ടും. സമ്പാദ്യം, ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റി ഒക്കെ ചേര്‍ന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ആ തുകയില്‍നിന്നാണ് രണ്ടുലക്ഷം വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി സി.എം.ഡി.ആര്‍.എഫിലേക്ക് ജനാര്‍ദന്‍ സംഭാവന ചെയ്തത്.
ആരെങ്കിലും പറഞ്ഞിട്ടാണോ ഇത്ര വലിയ തുക സംഭാവന നല്‍കിയതെന്ന ചോദ്യത്തിന്- മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു, വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് താന്‍ ഈ കാര്യം ചെയ്തത്.
'ഞാനൊരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍'
ഞാനൊരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരനാണ്. കമ്യൂണിസ്റ്റുകാരന്‍ എന്നു പറയുമ്പോള്‍ നൂറുശതമാനം കമ്യൂണിസ്റ്റ് ആയിട്ടില്ല. അമ്പതു ശതമാനമേ ആയിട്ടുള്ളൂ- ജനാര്‍ദന്‍ പറഞ്ഞു. അതെന്താ കുറവ് എന്ന ചോദ്യത്തിന് -ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നു പറയുമ്പോള്‍ സ്വന്തം ജീവന്‍ തന്നെ പാര്‍ട്ടിക്കു വേണ്ടി ദാനം ചെയ്യണം എന്ന കാഴ്ചപ്പാടാണുള്ളത്. പക്ഷെ ഞാന്‍ ജീവനൊന്നും കൊടുത്തിട്ടില്ല. എനിക്ക് അതിനുള്ള സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. ജീവന്‍ കൊടുക്കാന്‍ വേണ്ടിയുള്ള അവസരം ഉണ്ടായാല്‍ ഞാന്‍ എന്റെ ജീവന്‍ പാര്‍ട്ടിക്കു വേണ്ടി കൊടുക്കും. പാര്‍ട്ടിയോട് അത്രയും കൂറുണ്ട്. സംഭാവന നല്‍കുന്ന കാര്യത്തില്‍ മക്കളില്‍നിന്ന് പിന്തുണ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ ചലഞ്ച്- ഇതൊരു നിസ്സാര സംഗതി
കേരളത്തിലുള്ള എല്ലാവരും മനസ്സുവെച്ചാല്‍ ഇതൊരു(വാക്‌സിന്‍ ചലഞ്ച്) നിസ്സാര സംഗതിയാണ്. അത്രയും സമ്പത്തും കഴിവും വിദ്യാഭ്യാസവും ഒക്കെയുള്ള ജനങ്ങളാണ് മലയാളികള്‍. അപ്പോ ഇത് നിസാര സംഗതിയാണ്.
പുറത്തുപറയേണ്ടെന്ന് തീരുമാനിച്ചത്
ഇത്രയും വലിയ തുക സംഭാവന നല്‍കിയിട്ടും എന്തുകൊണ്ടാണ് പുറത്തു പറയേണ്ടെന്ന് തീരുമാനിച്ചതെന്ന ചോദ്യത്തിന്- ഞാനൊരു വികലാംഗനാണ്. പണ്ടുപണ്ടേ എന്നിലായി ഒതുങ്ങി നില്‍ക്കുന്നയാളാണ് എന്നായിരുന്നു ജനാര്‍ദന്റെ മറുപടി.
നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണ് ജനാര്‍ദന്‍. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് തന്നെ ഈ ഇയര്‍ ഫോണ്‍ ഉള്ളതുകൊണ്ടാണ്. ഇടതു ചെവി തീരെ കേള്‍ക്കില്ല. വലതുചെവി രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞതാണ്. പിന്നെ രണ്ടു വട്ടം ടി.ബി. വന്നു. കേരള സര്‍ക്കാരിന്റെ ചികിത്സയിലാണ് ഞാന്‍ രക്ഷപ്പെട്ടത്. അതിന്റെ ഒരു നന്ദി കൂടി സര്‍ക്കാരിനോടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയോടും ഡോക്ടര്‍മാരോടും ജീവനക്കാരോടും കടപ്പാടുണ്ട്. അവരാണ് എന്റെ രക്ഷകര്‍. ആ ആത്മവിശ്വാസം കൂടിയാണ് ഈ ദാനത്തിനു പിന്നിലുള്ള പ്രചോദനം.- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒന്നാമത്തെ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തോടു പറയാനുള്ളത്
സ്വന്തം കാര്യം മാത്രം നോക്കാതെ, സമൂഹത്തിനു വേണ്ടി കൂടി കാര്യങ്ങള്‍ ചെയ്യണം. ഇടുങ്ങിയ ചിന്താഗതി മാറ്റി വിശാലമായി ചിന്തിക്കണം എന്നു മാത്രമേ പറയാനുള്ളൂ.
content highlights: this is the beedi worker who donated two lakh to cmdrf as part of vaccine challenge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..