
വിവരങ്ങള്‍ പറയുന്ന അനഘ
തിരുവാങ്കുളം: വീട്ടിലെത്തിയ അക്രമിയെ ചവിട്ടി ഓടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി. കരിങ്ങാച്ചിറ പറപ്പിള്ളി റോഡില്‍ ശ്രീനിലയത്തില്‍ എസ്. അരുണിന്റെയും നിഷയുടെയും മകള്‍ അനഘയാണ് ധീരമായി അക്രമിയെ നേരിട്ടത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അരുണും നിഷയും നടക്കാന്‍ പോയതായിരുന്നു. മുന്‍വശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാന്‍ പോകുമ്പോഴാണ് ട്രാക്ക് സ്യൂട്ട് ധരിച്ച് ഹെഡ് ഫോണും വെച്ച് നല്ല പൊക്കവും വണ്ണവുമുള്ള ഒരാള്‍ അടുക്കളയ്ക്കുള്ളില്‍ നില്‍ക്കുന്നത് കണ്ടത്.
തന്നെ കണ്ടെന്നു മനസ്സിലാക്കിയ ആക്രമി അവിടിരുന്ന കറിക്കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘക്കുനേരേ രണ്ടാമതും കത്തിവീശി. അനഘയുടെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഈ സമയം കത്തിയില്‍ അനഘ പിടിത്തമിട്ടു.
വിടുവിക്കാനായി അക്രമി കത്തി തിരിച്ചു. കത്തി കൈക്കുള്ളില്‍വെച്ച് തിരിച്ചപ്പോള്‍ അനഘയുടെ കൈക്ക് ചെറിയ മുറിവേറ്റു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ അനഘ അക്രമിയുടെ നാഭിനോക്കി ചവിട്ടി. അകന്നു മാറിയ അക്രമിയെ കൈയില്‍ കിട്ടിയ തേങ്ങയെടുത്ത് തലയ്ക്കടിച്ചു. ഇതോടെ അക്രമി അടുക്കള വഴി പുറത്തേക്കോടി മതില്‍ചാടി രക്ഷപ്പെട്ടു.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അനഘ. 11 വര്‍ഷമായി കരാട്ടെ പഠിക്കുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അനഘയ്ക്ക് കൈക്ക് പുറമേ കാലിലും ചെറിയ പരിക്കുണ്ട്.
ഹില്‍പ്പാലസ് പോലീസെത്തി സമീപത്തെ സി.സി.ടി.വി. ദ്യശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി. അനഘ പറഞ്ഞ രൂപത്തിലുള്ള ഒരാളെ രണ്ടു ദിവസമായി കാണാറുണ്ടെന്ന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരി പറഞ്ഞു.
Content Highlights: this is how karate black belt anagha dispelled intruder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..