പ്രതീകാത്മക ചിത്രം
പാറക്കടവ്: പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകി മോഷ്ടാവിന്റെ ‘സത്യസന്ധത’. രേഖകൾ അടങ്ങിയ പഴ്സ് തിരികെ ലഭിച്ചതോടെ ഉടമസ്ഥന്റെ നന്ദിപ്രകടനം. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ മോഹനൻ പാറക്കടവാണ് പഴ്സ് തിരികെ നൽകിയ കള്ളന് സാമൂഹികമാധ്യമങ്ങൾ വഴി നന്ദിയറിയച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ചിന്തൻശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ്സ്റ്റാൻഡ് പരിസരത്തുവെച്ചാണ് പഴ്സ് കാണാതാവുന്നത്. വിവിധ രേഖകളും എ.ടി.എം. കാർഡും 700 രൂപയുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. രാത്രിയിൽ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എ.ടി.എം. കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസിൽനിന്ന് ഫോൺ വന്നത്. നഷ്ടപ്പെട്ട പഴ്സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്റ്റോഫീസിൽനിന്ന് അറിയിച്ചു. കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത്.
മോഹനന്റേത് ഉൾപ്പെടെ നാലു പഴ്സുകൾ പോക്കറ്റടിച്ച കള്ളൻ പണമെടുത്തശേഷം പഴ്സുകൾ തപാൽബോക്സിൽ നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റൽവകുപ്പിലെ സുഹൃത്തിന്റെ സഹായത്തോടെ നാട്ടിലെ പോസ്റ്റോഫീസിൽ പഴ്സെത്തി.
ഇതോടെയാണ് പണം മാത്രമെടുത്ത് കാർഡുകളും രേഖകളും തിരിച്ചുതന്ന പോക്കറ്റടിക്കാരനോട് സോഷ്യൽമീഡിയ വഴി മോഹനൻ നന്ദിയറിയിച്ചത്. ഒപ്പം പോസ്റ്റൽവകുപ്പ് ജീവനക്കാരായ രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദിയറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..