ചെറുതോണി: കഴിഞ്ഞദിവസം റിലീസ് ചെയ്ത ചുരുളി എന്ന ചലച്ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾ. ചിത്രത്തിലെ സംഭാഷണങ്ങളിലുള്ള അസഭ്യ പദപ്രയോഗങ്ങളുടെ പേരിൽ ഇവിടത്തുകാരുടെ ഭാഷ ഈ രീതിയിലാണെന്ന വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഇവിടുത്തുകാരുടെ ഫോണുകളിലേക്ക് കളിയാക്കികൊണ്ടുള്ള വിളികളുമെത്തുന്നു. 

അവരോടെല്ലാം സിനിമയിലെ സ്ഥലമല്ല യഥാർഥ ചുരുളിയെന്നാണ് ഇന്നാട്ടുകാർക്ക് പറയാനുള്ളത്. സിനിമയിലേത് സാങ്കൽപ്പിക ചുരുളിയാണ്. ഇടുക്കിയിൽ ചിത്രീകരിച്ചു എന്ന പേരിൽ മാത്രം തങ്ങളെ ഇനിയും തെറ്റിദ്ധരിക്കരുതെന്നും കേരളത്തോട് ഇവർ അപേക്ഷിക്കുന്നു. തെറ്റിദ്ധാരണക്കെതിരേ സാംസ്കാരിക മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

എ.കെ.ജി. നിരാഹാരമിരുന്ന യഥാർഥ ചുരുളി

1960-കളിൽ ജീവിക്കാനുള്ള പോരാട്ടത്തിനുവേണ്ടി പോലീസ് മർദനങ്ങളേറ്റുവാങ്ങിയ ജനതയുടെ കഥയാണ് ചുരുളിക്ക് പറയാനുള്ളത്. ജീവിക്കാൻവേണ്ടി കുടിയേറിയ കർഷകർകരെ ഇറക്കിവിടാൻ അന്നത്തെ സർക്കാൻ ബലപ്രയോഗം നടത്തി. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജടക്കമുള്ള പീഡനങ്ങൾക്ക് കർഷകർ ഇരയായി. 

ഇതേത്തുടർന്ന് എ.കെ.ജി., ഫാദർ വടക്കൻ, മത്തായി മാഞ്ഞൂരാൻ തുടങ്ങിയവർ അടക്കമുള്ളവർ കീരിത്തോട്ടിലും ചുരുളിയിലും സമരം നടത്തി. എ.കെ.ജി. നിരാഹാരം കിടന്നു. ഒടുവിൽ സർക്കാരിന് കുടിയിറക്ക് നീക്കം പിൻവലിച്ച് കീഴടങ്ങേണ്ടി വന്ന ചരിത്രമാണ് ചുരുളിക്കാർക്ക് പറയാനുള്ളത്. സമരത്തിൽ പങ്കെടുത്ത് പോലീസ് മർദനമേറ്റവരിൽ ചിലരൊക്കെ ഇന്നും ജീവിച്ചിരിക്കുന്നു.

Content Highlights: This churuli is not in churuli movie