സുപ്രീം കോടതി| Photo: ANI
ഡൽഹി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ഫോട്ടോ മാധ്യമ പ്രവർത്തകർക്ക് ഇ മെയിൽ ചെയ്ത കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി. അതേസമയം, ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യം വിശദീകരിച്ച് വിശദമായ ഉത്തരവ് പുറത്തിരിക്കുമെന്ന് കോടതി അറിയിച്ചു.
പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ഫോട്ടോയും വിവരങ്ങളും സിസ്റ്റർമാരായ അമലയും ആനി റോസും മൂന്നു മാധ്യമപ്രവർത്തകർക്ക് ഇ മെയിൽ ചെയ്തിരുന്നു. എന്നാൽ, ഇ മെയിലിൽ പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയിരുന്നില്ല. പേര് വെളിപ്പെടുത്തിയില്ലെങ്കിലും പരാതിക്കാരിയുടെ വിശദശാംശങ്ങൾ വെളിപ്പെടുത്തിയ കന്യാസ്ത്രീകളുടെ നടപടി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 228-എ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സംസ്ഥാന സർക്കാർ സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി വാദിച്ചു.
ഇ മെയിൽ സന്ദേശം സ്വകാര്യ ആശയവിനിമയം എന്നാണ് ഹൈക്കോടതി വിലയിരുത്തിയിരുന്നത്. എന്നാൽ, ഹൈക്കോടതിയുടെ വിലയിരുത്തൽ നിയമപരമായി തെറ്റാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനോട് കോടതിയും യോജിച്ചു. അതേസമയം, കേസ് റദ്ദാക്കിയ സാഹചര്യത്തിൽ ഈ അധ്യായം അവസാനിച്ചുവെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകൾക്കെതിരായ തങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തി വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..