തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. വൈകീട്ട് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് നടന്നിരുന്നു. വിളക്കില്‍നിന്നാവാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ് തീപിടുത്തമുണ്ടായത്. മേല്‍ക്കൂരയിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്നുവീണുവെന്നാണ് ലഭ്യമായ വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് തീ ഗകെടുത്താനുള്ള ശ്രമം നടത്തുകയാണ്. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്.

fIRE

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. ഷൊര്‍ണൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്താനുള്ള ശ്രമം നടത്തുന്നത്. ചുറ്റമ്പലത്തിന്റെ വടക്കു കിഴക്കേ ഭാഗത്താണ് പ്രധാനമായും തീ പടര്‍ന്നത്.

രാത്രി 8.30 ഓടെ ക്ഷേത്ര നട അടച്ചിരുന്നു. അതിനു ശേഷമാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ക്ഷേത്രം ജീവനക്കാര്‍ ക്ഷേത്രത്തിലെ മണി തുടര്‍ച്ചയായി അടിച്ചാണ് അപകട അറിയിപ്പ് നല്‍കിയത്. ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാല്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കാലതാമസമുണ്ടായി. ഇതിനിടയില്‍ തീ വളരെ വേഗം കത്തിപ്പടരുകയായിരുന്നു. നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്ക് ഉരുപ്പടികളാണ് കത്തിനശിച്ചത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം.