കോട്ടയം: വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍.എസ്.എസ്. കേന്ദ്രം സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂര്‍ എത്തിയത്.
തിരുവഞ്ചൂര്‍-ആര്‍.എസ്.എസ്. രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് കോട്ടയം മണ്ഡലത്തില്‍ നാളെ സി.പി.എം. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ചകള്‍ നടത്തി എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. ഇതിനു തെളിവായി തിരുവഞ്ചൂര്‍ ആര്‍.എസ്.എസ്. സ്ഥാപക നേതാക്കളുടെ ചിത്രത്തിനു താഴെ ഇരിക്കുന്ന ഫോട്ടോ സിപിഎം നേതൃത്വം പുറത്തുവിട്ടിരുന്നു.
ഈ വിവാദം സജീവചര്‍ച്ച ആയിരിക്കേയാണ് വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ക്ഷേത്രത്തില്‍ തിരുവഞ്ചൂര്‍ വീണ്ടും എത്തിയത്. രഹസ്യ ചര്‍ച്ച എന്നാരോപിച്ച സി.പി.എമ്മിന് മറുപടിയായി ക്ഷേത്രഭാരവാഹികള്‍ക്കൊപ്പം സേവാഭാരതിയുടെ ഭക്ഷണശാലയിലും തിരുവഞ്ചൂര്‍ എത്തി.
വിവാദങ്ങള്‍ ഉണ്ടാക്കരുതായിരുന്നല്ലോ. അവര്‍ക്ക് ക്ഷേത്രം എന്തെന്ന് അറിയാത്തതു കൊണ്ടാണ് വിവാദം ഉണ്ടാക്കിയത്. അവര്‍ ഒരിക്കലെങ്കിലും നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോവണ്ടേ. അവര് ആരാധന നടത്തണ്ടേ. ദൈവവിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ അവര്‍ ദൈവവിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുകയല്ലേ ചെയ്യേണ്ടത്- മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞിട്ടാണ് അന്നദാന മണ്ഡപത്തിലെത്തിയത് എന്ന തിരുവഞ്ചൂരിന്റെ വാദം ക്ഷേത്രം ട്രസ്റ്റികളും ശരിവെച്ചു. തങ്ങളുടെ ആവശ്യപ്രകാരമാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍ വന്നതും ഇതിനു മുന്‍പ് വന്നതും. കൊടുക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, അറേഞ്ച്‌മെന്റുകള്‍ എല്ലാം ശരിയാണോ എന്നൊക്കെ നോക്കണ്ട ബാധ്യത തിരുവഞ്ചൂരിനുണ്ട്. അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ക്ഷേത്രം ട്രസ്റ്റികളില്‍ ഒരാള്‍ പറഞ്ഞു.
കോണ്‍ഗ്രസ്-ആര്‍.എസ്.എസ്. അവിശുദ്ധ കൂട്ടുകെട്ടാണ് സംഭവത്തോടെ തെളിഞ്ഞതെന്നാണ് സി.പി.എം. പറയുന്നത്. ഇതിനെതിരെ ബൂത്ത് തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സി.പി.എം. നാളെ പ്രതിഷേധം സംഘടിപ്പിക്കും.
content highlights: thiruvanchoor radhakrishnan visits sevabharathy annadana mandapam at panchikadu temple