തിരുവഞ്ചൂർ, എംഎം മണി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം. മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും യഥര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ശത്രു സ്വന്തം നാക്ക് തന്നെയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നിറത്തിന്റെ കാര്യത്തില്‍ താനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. എന്നെക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എം.എം. മണി. നിലവാരം വിട്ടിട്ടുള്ള ഒരു വിമര്‍ശനത്തിനും താന്‍ തയ്യാറല്ല. നേരത്തെ സുപ്രീം കോടതി പോലും അന്നത്തെ സര്‍ക്കാര്‍ നിലപാട് ശരിവെക്കുകയാണ് ചെയ്തത്. ഇപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം വന്ന കോടതി വിധിയെക്കുറിച്ച് ഒന്നും പറയാനില്ല.
ഞങ്ങളാരും കേസെടുത്ത് എം.എം മണിയുടെ തലയില്‍ വച്ചുകൊടുത്തതല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കില്‍ നിന്നാണ് കേസുണ്ടായത്. സ്വഭാവ ഗുണവും കഴിവുകളും കയ്യിലിരുന്നോട്ടെ. ഇഷ്ടമില്ലാത്ത ആളുകളെ അപമാനിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അപ്പുറത്ത് എം.എം മണിയായതിനാല്‍ ആളുകള്‍ക്ക് തന്നെ മനസ്സിലാവുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി അടക്കം പ്രതികളായിരുന്ന മൂന്ന് പേരെ കോടതി കുറ്റമുക്തരാക്കിയിരുന്നു. 1982ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ ഒമ്പത് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം.എം മണി ഈ കൊലപാതകങ്ങളെ വണ്‍ ടൂ ത്രീ എന്ന് അക്കമിട്ട് പ്രസംഗിച്ചു. പ്രസംഗം വിവാദമായതോടെ എം.എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. യുഡിഎഫ് ഭരണകാലമായിരുന്ന അന്ന് തിരുവഞ്ചൂര്‍ ആയിരുന്നു ആഭ്യന്തര മന്ത്രി.
തിരുവഞ്ചൂര്‍ വഞ്ചകനാണെന്നായിരുന്നു കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ഉടനെ എം.എം മണിയുടെ പരാമര്‍ശം. ഇടുക്കിയില്‍നിന്ന് തന്നെ ഒഴിവാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസംഗിച്ചുനടന്നു. തനിക്കെതിരേ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം തിരുവഞ്ചൂരിന്റെ നിറത്തെപ്പറ്റിയും പരാമര്‍ശം നടത്തിയിരുന്നു.
Content Highlights: Thiruvanchoor Radhakrishnan MM Mani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..