തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം നടത്താനെത്തിയ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം. സെക്രട്ടേറിയേറ്റിലെ സമര ഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താനാണ് ഇരു സംഘടനകളും എത്തിയത്. ഇരുകൂട്ടരും ഇന്നലെ രാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയിരുന്നു.

tvm
സംഘര്‍ഷക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ബോര്‍ഡുകള്‍ നശിപ്പിച്ചപ്പോള്‍.  ഫോട്ടോ: എസ്.ശ്രീകേഷ്.

സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് ഇവരെ രണ്ട് ഭാഗത്തേക്ക് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു. എന്നാല്‍, ഇന്ന് രാവിലെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചറിഞ്ഞു. കല്ലേറുമുണ്ടായി. നേതാക്കള്‍ ഇടപെട്ട് ഇരു പ്രവര്‍ത്തകരെയും സമാധാനിപ്പിച്ചിരുന്നുവെങ്കിലും ഇരുവരും വീണ്ടും സംഘര്‍ഷത്തിലേക്ക് പോയി. 

tvm
ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് ഉപരോധം. ഫോട്ടോ: ജി.ബിനുലാല്‍.

പോലീസ് രണ്ടുകൂട്ടര്‍ക്കുമിടയില്‍ നിന്ന് സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുടെയും യുവമോര്‍ച്ചയുടെയും മാര്‍ച്ചും റാലിയും ഇങ്ങോട്ട് വരുന്നുണ്ട്. ഇത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കിയേക്കും എന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.