തിരുവനന്തപുരം നഗരസഭയിലെ ക്രമക്കേട്; രസീത് തന്നത് നഗരസഭ, അപ്പോള്‍ അടച്ച വീട്ടുകരം വിഴുങ്ങിയതാര്?


വിഷ്ണു കോട്ടാങ്ങല്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ നികുതി വെട്ടിപ്പില്‍ പെട്ടുപോയവര്‍ പരിഭ്രാന്തിയിലാണ്. നികുതി വെട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നഗരസഭാ കാര്യാലയത്തിലേക്ക് പഴയ രസീതുകളുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 35 ലക്ഷത്തോളം രൂപയാണ് തിരിമറിയിലൂടെ ഉദ്യോഗസ്ഥര്‍ വെട്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഈ തുക തിരികെ പിടിക്കുമെന്ന് മേയര്‍ പറയുമ്പോഴും എങ്ങനെ ഇത് സാധ്യമാകും എന്നതിന് വ്യക്തതയില്ല.

കരമടച്ചിട്ടും പുതുതായി നിര്‍മിച്ച വീടിന്റെ വിവരങ്ങള്‍ പോലും നഗരസഭയുടെ പക്കലില്ലെന്നറിഞ്ഞ് അമ്പരന്നു നില്‍ക്കുന്നവര്‍ മുതല്‍ അടച്ച വീട്ടുകരത്തിന്റെ പിഴത്തുകയുടെ വലിപ്പം കണ്ട് ഞെട്ടിയവര്‍ വരെയുണ്ട് ഇവിടെ. അത്തരത്തിലൊരാളാണ് പൗഡിക്കോണം സ്വദേശിയായ ബിനു. 2019 സെപ്റ്റംബറിലാണ് ഇദ്ദേഹത്തിന് പൗഡിക്കോണത്തുള്ള വീടിന് നമ്പര്‍ അനുവദിച്ചുകിട്ടിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇദ്ദേഹം കൃത്യമായി നഗരസഭയുടെ സോണല്‍ ഓഫീസിലെത്തി വീട്ടുകരമടച്ചിരുന്നു.

എന്നാല്‍ വീട്ടുകരം സംബന്ധിച്ച തട്ടിപ്പിന്റെ വിവരങ്ങള്‍ വന്നതിന് പിന്നാലെ നഗരസഭയിലെത്തിയ ബിനുവിന് വീട്ടുകരം 14,032 രൂപയോളമാണ് അടക്കേണ്ടതെന്ന വിവരമാണ് ലഭിച്ചത്. അന്ന് അടച്ച മുഴുവന്‍ തുകയുടെയും രസീത് കൈയില്‍വെച്ച് ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഇദ്ദേഹം. ബാങ്കില്‍ ജോലിചെയ്യുന്ന ആളാണ് ബിനു. ഓണ്‍ലൈനായി പണമടക്കാന്‍ നഗരസഭ പോര്‍ട്ടല്‍ തയ്യാറാക്കിയപ്പോള്‍ മുതല്‍ താന്‍ മുമ്പടച്ച തുകയുടെ വിവരങ്ങളൊന്നും അതില്‍ കാണിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷവും അതിന് മുൻപും ന​ഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

എല്ലാ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുമെന്നും അടുത്ത തവണ മുതല്‍ ഓണ്‍ലൈനായി വീട്ടുകരം അടക്കാന്‍ സാധിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. ഓഫീസിലെത്തി കരമടയ്ക്കുമ്പോള്‍ അടച്ചതിന്റെ രസീതിന്റെ കംപ്യൂട്ടര്‍ പ്രിന്റ് തന്നിരുന്നില്ല. പകരം കൈകൊണ്ട് എഴുതി, സീലുപതിച്ച രസീതാണ് നല്‍കിയത്. ഇതിലെ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായി ബിനു പറയുന്നു.

trivandrum corporation
നഗരസഭയ്ക്ക് മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഭക്ഷണം പാകം ചെയ്ത് കുടികെടപ്പ് സമരം തുടങ്ങിയപ്പോള്‍

ശ്രീകാര്യത്തെ സോണല്‍ ഓഫീസിലെത്തിയാണ് ബിനു മൂന്നുവര്‍ഷത്തോളമായി കരമൊടുക്കിയിരുന്നത്. തന്റെ സമീപത്തുള്ള പലര്‍ക്കും ഇതുതന്നെയാണ് അനുഭവമെന്നും പുതിയതായി വീടുവെച്ചവര്‍ക്കൊക്കെ വലിയ പ്രയാസങ്ങളാണ് ഇതുമൂലമുണ്ടാകുന്നതെന്നും ബിനു പറയുന്നു. പുതിയ കെട്ടിടങ്ങള്‍ക്കെല്ലാം നികുതി കൂടുതലാണ്. പലപ്പോഴും വിവരങ്ങള്‍ അന്വേഷിക്കാന്‍ സോണ്‍ ഓഫീസുകളെയാണ് ജനം ആശ്രയിക്കുന്നത്. രസീതുമായി എത്തി കരമടച്ചതിന്റെ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ എല്ലാം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന മറുപടിയാണ് പലര്‍ക്കും ലഭിക്കുക. എന്നാല്‍ രസീതിന്റെ സീരിയല്‍ നമ്പര്‍വെച്ച് വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ കോര്‍പ്പറേഷന്റെ പക്കല്‍ വിവരങ്ങളില്ല. ഇങ്ങനെ എത്തുന്നവരില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിവെച്ച് വിവരങ്ങള്‍ വിളിച്ചറിയിക്കാമെന്നുപറഞ്ഞ് മടക്കി അയക്കുകയാണ് ചെയ്യുന്നത്.

നഗരസഭയിലെത്തി വിവരങ്ങള്‍ പരിശോധിക്കാന്‍ ജനങ്ങള്‍ക്കുവേണ്ടി ഹെല്‍പ്ഡെസ്‌ക് ആരംഭിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടുമില്ല. അതിനിടെ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന എല്‍ഡിഎഫ് ഭരണകക്ഷിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമരപരിപാടികളുമായി പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. വിഷയത്തില്‍ ആദ്യം മുതല്‍ സമരവുമായെത്തിയ മുഖ്യ പ്രതിപക്ഷമായ ബിജെപി നാളെമുതല്‍ സമരം പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. യുഡിഎഫ് ആകട്ടെ നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണയുമായി പ്രത്യക്ഷ സമരത്തിലേക്കെത്തിക്കഴിഞ്ഞു.

Trivandrum corporation
യുഡിഎഫിന്റെ ധര്‍ണയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ സംസാരിക്കുന്നു

പിന്നാക്ക വിഭാഗക്കാര്‍ക്കായുള്ള ക്ഷേമ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ നിന്ന് ഒരുവിധം കരകയറി വരുന്നതിനിടെയാണ് വീട്ടുകരത്തിന്റെ പേരിലുള്ള തട്ടിപ്പ് പുറത്തുവരുന്നത്. ന​ഗരസഭയില്‍ പാര്‍ട്ടി ബന്ധമുള്ളവരെ താത്കാലിക ജീവനക്കാരായി ജോലിക്ക് നിയമിച്ച്, പിന്നീട് ജോലി സ്ഥിരമാക്കി കൊടുത്ത ചിലരാണ് തട്ടിപ്പിന് പിന്നിലെന്നാണ് ബിജെപി ആരോപണം. സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിലൊരു മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

Content Highlights: Thiruvanathapuram tax scam; who benefitted from this?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented