പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ശൂരനാട്: ശൂരനാട് തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പതാരം സർവീസ് സഹകരണ ബാങ്കിൽ അടുത്തിടെ നടത്തിയ നിയമനങ്ങളെച്ചൊല്ലി കോൺഗ്രസിലുണ്ടായ വിവാദങ്ങളാണ് സംഘർഷത്തിനുകാരണം.
ബുധനാഴ്ച വൈകീട്ട് 4.30-ന് കോയിക്കൽചന്തയിലെ കോൺഗ്രസ് ഭവനിലായിരുന്നു സംഭവം. നിയമനവിവാദങ്ങൾക്കിടെ നടത്തിയ ആദ്യ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽബോഡി യോഗത്തിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
യോഗത്തിൽ സ്വാഗതം പറയുന്നതിനിടെ ബാങ്ക് പ്രസിഡൻറായിരുന്ന ഡി.സി.സി. മുൻ വൈസ് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനിടയാക്കിയ കാരണങ്ങൾ ചർച്ച ചെയ്യണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, അജണ്ടയിലുള്ള കാര്യങ്ങൾ ചർച്ചചെയ്തശേഷമാകാമെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വാക്തർക്കമായി. .
പുറത്തുനിന്നു പ്രവർത്തകരെത്തിയതോടെ സംഘർഷമായി. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പള്ളിൽ സന്തോഷ്, പഞ്ചായത്ത് അംഗം ബിജു രാജൻ, മണ്ഡലം വൈസ് പ്രസിഡൻറുമാരായ ബാബു മംഗലത്ത്, ഗിരീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് കുറ്റിയിൽ, മണ്ഡലം സെക്രട്ടറി അഭിരാം, ജവഹർ ബാലമഞ്ച് കോ-ഓർഡിനേറ്റർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാങ്കിൽ അടുത്തിടെ നടത്തിയ നിയമനങ്ങളെച്ചൊല്ലി നാലു ഭരണസമിതി അംഗങ്ങൾ രാജിവെച്ചതോടെയാണ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഭരണം നഷ്ടമായതോടെ ബാങ്ക് പ്രസിഡന്റിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഗ്രൂപ്പായി തിരിഞ്ഞ് പ്രകടനവും നടത്തി.
മണ്ഡലം, ബ്ലോക്ക്, ഡി.സി.സി. പ്രസിഡൻറുമാർക്കെതിരേ പരസ്യമായി പ്രതിഷേധമുയർന്നു. നിയമനവിഷയത്തിൽ മാസങ്ങളായി തുടരുന്ന തർക്കമാണ് കഴിഞ്ഞദിവസം സംഘർഷത്തിൽ കലാശിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ശൂരനാട് പോലീസിൽ പരാതി നൽകി.
എന്നാൽ, ബാങ്ക് ഭരണസമിതിയിൽനിന്ന് രാജിവെച്ച നാലുപേരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്തർക്കം നടന്നതെന്ന് ഒരുവിഭാഗം പറയുന്നു.
Content Highlights: thiruvanathapuram sooranad congress mandalam committee fight leaders injured cooperative bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..