കുട്ടിയാനയുടെ ജഡത്തിനു കാവൽനിൽക്കുന്ന തള്ളയാന | Photo: Mathrubhumi
വിതുര: രണ്ടുരാത്രിയാണു തന്റെ പൊന്നോമനയുടെ ജഡത്തിനു കാവലായി ആ അമ്മയാന നിലകൊണ്ടത്. കൂട്ടായി കാട്ടിലെ കൂട്ടുകാരും ഒപ്പംനിന്നു. കുട്ടിയാനയുടെ ജഡം തട്ടിത്തട്ടി താഴേക്കു കൊണ്ടുവന്ന് ജനവാസകേന്ദ്രത്തിൽനിന്നു മാറ്റാനും ആ അമ്മയാന ശ്രദ്ധിച്ചു.
വിതുര പഞ്ചായത്തിലെ തലത്തൂതക്കാവ് മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ചരിഞ്ഞ ആനക്കുട്ടിക്കു ചുറ്റുംനിന്ന അമ്മയാനയെയും ആനക്കൂട്ടത്തെയും ആദ്യം കണ്ടത്. മുരിക്കുംകാലയിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് ആനക്കുട്ടിയുടെ ജഡം അമ്മയാന തട്ടിനീക്കിക്കൊണ്ടു പോയത്. ആളനക്കം കേൾക്കുമ്പോൾ അനങ്ങാതെനിന്ന് കാലുകൾകൊണ്ട് തന്റെ പൊന്നോമനയ്ക്ക് കവചമൊരുക്കാനായിരുന്നു ശ്രമം. ചുറ്റും കൂടിയവർ ബഹളമുണ്ടാക്കിയെങ്കിലും കുട്ടിയാനയെ വിട്ട് കാടുകയറാതെ കൂട്ടുകാർക്കൊപ്പം മറ്റാർക്കും കാണാൻ കഴിയാത്തവിധം മറഞ്ഞുനിൽക്കാനും ശ്രദ്ധിച്ചു.
ആനയിറങ്ങുന്ന സ്ഥലമായതിനാൽ വിറകു കൂട്ടിയിട്ട് തീ കത്തിക്കാൻ പോയ മുരിക്കുംകാല വിജയൻകാണിയുടെ ഭാര്യ ഗൗരിക്കുട്ടിയാണ് വീടിരിക്കുന്ന സ്ഥലത്തുനിന്ന് 150 മീറ്റർ മാറി വഴിയിൽ നടക്കുന്ന ആനക്കൂട്ടത്തെ കണ്ടത്. പ്രദേശത്തെ സ്ഥിരംകാഴ്ചയായതിനാൽ ഇവർ പതിവുപോലെ ബഹളമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ, സൂക്ഷിച്ചു നോക്കിയപ്പോൾ നടുവിലായി കുട്ടിയാനയുടെ ജഡം കണ്ടു. ഉടൻതന്നെ നാട്ടുകാരെയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഇതിനിടെയിൽ ആനക്കൂട്ടം കുട്ടിയാനയുടെ ജഡം വനത്തിലൂടെ താഴ്ന്നസ്ഥലത്തേക്കു കൊണ്ടുപോയി.
നാട്ടുകാരും വനപാലകരും രാത്രി മുഴുവൻ സ്ഥലത്ത് തമ്പടിച്ചെങ്കിലും ആനക്കൂട്ടം മാറാതെനിന്നതോടെ അടുത്തേക്കു പോകാൻ കഴിഞ്ഞില്ല. വനംവകുപ്പ് പരുത്തിപ്പള്ളി റെയ്ഞ്ചിലെ ആർ.ആർ. ടീമും പോലീസും സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആർ.ആർ. ടീം മയക്കുവെടി വയ്ക്കാൻ തയ്യാറായെങ്കിലും ആനക്കൂട്ടം അക്രമാസക്തരാകാൻ സാധ്യതയുള്ളതിനാൽ ജില്ലാ വനംവകുപ്പ് ഓഫീസർ ഒഴിവാക്കാൻ നിർദേശം നൽകി.
വേങ്ങത്താരയിലെ താഴ്ന്നസ്ഥലത്തായിരുന്നു ഞായറാഴ്ച രാവിലെമുതൽ തള്ളയാനയും ആനക്കൂട്ടവും നിന്നത്. രാത്രി വൈകിയും ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറേ ആഴ്ചകളായി ആനപ്പേടിയിലാണ് ഊരുകളിലെ ജീവിതം. മുരിക്കുംകാല, തലത്തൂതക്കാവ്, ആറ്റുമൺപുറം തുടങ്ങിയ ഊരുകളിൽ പലയിടത്തും ആനകളെ ഒറ്റയ്ക്കും കൂട്ടമായും കാണുന്നതു പതിവാണ്. ടാപ്പിങ്ങിനു പോയവരെയും സ്കൂളിലേക്കു പോയ വിദ്യാർഥികളെയും വഴിയിൽനിന്ന ആനക്കൂട്ടം ആക്രമിച്ചത് ഒരാഴ്ച മുമ്പാണ്.
Content Highlights: thiruvananthapuram wild elephant child death mother elephant protects dead body
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..