തിരുവനന്തപുരം: തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ പാട്ടക്കുടിശ്ശികയില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കാന്‍ തീരുമാനിച്ച പ്രത്യേക ഇളവാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്തുകളഞ്ഞത്. പീരുമേട് ഹോപ് പ്ലാന്റേഷന്റെ ഭൂമിയില്‍നിന്ന് കരം സ്വീകരിക്കാനുള്ള തീരുമാനവും മന്ത്രിസഭ റദ്ദ് ചെയ്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ പാട്ടക്കുടിശ്ശികയില്‍ വന്‍തോതില്‍ ഇളവുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ടെന്നീസ് ക്ലബ്ബ് അംഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത് എന്നായിരുന്നു അന്നു നല്‍കിയ വിശദീകരണം. എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത്തരം കാര്യങ്ങളില്‍ ഇളവ് നല്‍കേണ്ടെന്ന പൊതു നിലപാട് സ്വീകരിക്കുകയായിരുന്നു. 

പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കി പാട്ടം പുതുക്കി നല്‍കാനായിരുന്നു മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ടെന്നീസ് ക്ലബ്ബിന്റെ കൈവശമുളള 4.27 ഏക്ര ഭൂമിയുടെ പാട്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. 

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍  യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിച്ച എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി തീരുമാനങ്ങള്‍ ക്രമവിരുദ്ധമാണെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്നും കണ്ടെത്തിയിരുന്നു. സമിതി തീരുമാനം റദ്ദാക്കണമെന്ന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഇന്ന് ഈ വിഷയം പരിഗണിച്ചത്.

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും  കോര്‍പ്പറേഷനുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അധികമായി ഫണ്ട് അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് തസ്തിക സൃഷ്ടിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഇ.എസ്.ഐ. ഡിസ്‌പെന്‍സറികളിലേക്ക് 162 പുതിയ തസ്തകകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഇളമ്പ-മുദാക്കല്‍ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് ഇളമ്പ വില്ലേജ് രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗ്ഗക്കാരായ 34 കുടുംബങ്ങള്‍ക്ക് 2 ഏക്രവീതം 68 ഏക്ര ഭൂമിക്ക് പട്ടയം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.