തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കാമ്പസില്‍ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനു വന്ന ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ദേവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പഴയ അത്യാഹിത വിഭാഗത്തിനു സമീപത്തുകൂടി ഉള്ളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു യുവാവിനു മര്‍ദനമേറ്റത്.

പോലീസ് പറയുന്നത്: അരുണ്‍ദേവിന്റെ മുത്തശ്ശി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ പതിനേഴാം വാര്‍ഡില്‍ ചികിത്സയിലാണ്. ഹൃദയസംബന്ധമായ അസുഖമാണ് ഇവര്‍ക്ക്. ഇവര്‍ക്ക് രണ്ടുദിവസമായി അരുണാണ് കൂട്ടിരിക്കുന്നത്. ഇദ്ദേഹം മാറിയ ശേഷം മറ്റൊരു ബന്ധു വെള്ളിയാഴ്ച കൂട്ടിരിക്കാന്‍ വന്നു. ഇതിനുള്ള പാസ് ബന്ധുവിനു നല്‍കാന്‍ വന്നപ്പോഴാണ് അരുണ്‍ദേവിന് മര്‍ദനമേറ്റത്.

പാസ് കൊടുക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാര്‍ ഇത് തട്ടിയെടുത്ത് കീറിക്കളയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും യുവാവിന് മര്‍ദനമേല്‍ക്കുകയുമായിരുന്നു. അരുണ്‍ദേവിനെ ഉള്ളിലേക്ക് കോളറില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി വീണ്ടും മര്‍ദിച്ചു.

അതേസമയം യുവാവ് തങ്ങളെ മര്‍ദിച്ചുവെന്നുകാട്ടി സുരക്ഷാ ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്. യുവാവ് നാലഞ്ചുപേരുമായി വന്ന് അകത്തേക്കു കയറാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്ന് മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു.

ഇവിടെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തമ്മില്‍ ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകാറുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോേളജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മര്‍ദനമേറ്റതിനാല്‍ താന്‍ ആകെ അവശനാണെന്നും എഴുന്നേറ്റ് നില്‍ക്കാന്‍പോലും സാധിക്കുന്നില്ലെന്നും അരുണ്‍ദേവ് പറഞ്ഞു.

പലതവണ അറിയിച്ചു, നടപടിയില്ല

സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം സംബന്ധിച്ച് പോലീസില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ക്കെതിരേ ആശുപത്രി അധികൃതര്‍ നടപടിയെടുക്കാറില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു. രോഗികളോടോ അവരുടെ ബന്ധുക്കളോടോ എങ്ങനെ പെരുമാറണമെന്ന് ഇവര്‍ക്കറിയില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച വണ്ടിസ്റ്റാന്‍ഡിനു സമീപവും സുരക്ഷാജീവനക്കാര്‍ രോഗിയുടെ ബന്ധുവായ വയോധികയെ മര്‍ദിച്ചിരുന്നു. സെപ്റ്റംബര്‍ 18-ന് റീജണല്‍ കാന്‍സര്‍ സെന്ററിലെ സുരക്ഷാ ജീവനക്കാരന്‍ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവവുമുണ്ടായി.

Content Highlights : Youth assaulted in Thiruvananthapuram Medical College -Two security personnel arrested