തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ പഴയ മോര്‍ച്ചറിക്ക് സമീപമുള്ള ഗേറ്റിലൂടെ യുവാവ് അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ഉന്തും തള്ളും വാക്കു തര്‍ക്കവുമുണ്ടായി. കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെത്തി യുവാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. യുവാവിനെ അകത്തുകയറ്റി ഗേറ്റ് അടച്ച് മര്‍ദ്ദനം തുടര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. 

നേരത്തെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. പാര്‍ക്കിങ് നിയന്ത്രണം സംബന്ധിച്ചായിരുന്നു പരാതി. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിക്കാണ്. അവര്‍ നിയമിക്കുന്ന ജോലിക്കാരാണ് സെക്യൂരിറ്റി സ്റ്റാഫ് ആയി എത്തുന്നത്.  

Content Highlights: Thiruvananthapuram Medical College Security Staff assaulted bystander