അനിൽ കുമാർ
തിരുവനന്തപുരം: വൃക്ക മാറ്റിവെക്കാന്‍ വൈകിയ സംഭവത്തില്‍ രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ ബന്ധു അനില്‍കുമാര്‍. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും സുരേഷിന്റെ സഹോദരീഭര്‍ത്താവായ അനില്‍കുമാര്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി വൃക്കയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. മരണം നിര്‍ഭാഗ്യകരമായിപ്പോയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ആറുമണിക്കുള്ളില്‍ തന്നെ വൃക്ക കൊണ്ടുവന്നിരുന്നു. അതിനു ശേഷം ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരുന്നു. എട്ടര ആയപ്പോഴേക്കും ഡോക്ടര്‍മാര്‍ സുരേഷിന്റെ ആരോഗ്യസ്ഥിതി അല്പം മോശമാണെന്ന് പറഞ്ഞിരുന്നു. ശസ്ത്രക്രിയ ചെയ്യണോ വേണ്ടയോ എന്ന് അപ്പോഴും ചോദിച്ചിരുന്നു. എന്നാല്‍ ഇത്രയും ബുദ്ധിമുട്ടി വൃക്കയും കൊണ്ടുവന്നതിനാല്‍ ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഇതിന് ശേഷം വീണ്ടും ഒന്നുരണ്ട് ടെസ്റ്റുകള്‍ നടത്തിയിരുന്നു. അതിന്റെ റിപ്പോര്‍ട്ടും വാങ്ങിക്കൊടുത്തു. അങ്ങനെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായ കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് ഞങ്ങള്‍ കരുതിയിരിക്കുന്നത്. ഇനിയെന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അതൊക്കെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ സാധിക്കൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമാത്രമേ പരാതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കൂവെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാവിലെ തന്നെ വീട്ടില്‍നിന്ന് സുരേഷിനെ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയസ്തംഭനം സംഭവിച്ചുവെന്നും ഇനി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ ചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ചില കുഴപ്പങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചുകൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു വൃക്ക ലഭിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു.
മരണം സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും അത് തങ്ങളാരും പ്രതീക്ഷിച്ചതുമല്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. രാവിലെ കൊണ്ടുവന്നപ്പോള്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. അവര്‍ പറഞ്ഞ മരുന്നുകളൊക്കെ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. നാലഞ്ച് പേരെ അവര്‍ വിളിച്ചിരുന്നു. എന്നാല്‍ ആര്‍ക്കാണ് വൃക്ക യോജിക്കുന്നതെന്ന് അറിയില്ലല്ലോ. അതിന് വേണ്ടിയുള്ള റിപ്പോര്‍ട്ടുകള്‍ക്കായി അവര്‍ കാത്തിരിന്നിട്ടുണ്ടാകാം. അത് എത്ര മണിക്ക് വന്നുവെന്നൊന്നും അറിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ എന്തെങ്കിലും പറയാന്‍ സാധിക്കു. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ നിയമപരമായി പരാതി നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..