പ്രതീകാത്മക ചിത്രം/ ANI
തിരുവനന്തപുരം: മംഗലപുരം പോലീസ് സ്റ്റേഷനില്‍ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെ എല്ലാവരേയും സ്ഥലം മാറ്റി. 32 ഉദ്യോഗസ്ഥരില്‍ 31 പേര്‍ക്കുമാണ് സ്ഥലം മാറ്റം. ഗുണ്ടാ- മണ്ണുമാഫിയാ ബന്ധത്തെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷന് പരിധിയില്‍ പോലീസുകാര്‍ക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മംഗലപുരം പോലീസ് സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വീപ്പര്‍ ഒഴികയെല്ലാവരേയും സ്ഥലം മാറ്റി ഉത്തരവിട്ടിരിക്കുന്നത്. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ഗോപകുമാര്‍, അനൂപ് കുമാര്‍, ഗ്രേഡ് എ.എസ്.ഐ. ജയന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധികുമാര്‍, കുമാര്‍ എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്പ സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന് പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും അനധികൃതമായി ബന്ധം സ്ഥാപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ ദിവസം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം അക്രമികള്‍ ആദ്യം കടന്നുകളഞ്ഞു. പ്രതികളെ പിടിക്കാനെത്തിയ മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികള്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന് ശ്രീകുമാരന്‍ നായരെ ആക്രമിക്കുകയും കിണറ്റിലിടുകയും ചെയ്തു. എന്നാല്‍, പ്രതികളെ വേഗം പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഒരാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മറ്റൊരാളെ പിന്നീട് പിടികൂടി.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് റൂറല്‍ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടല്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷന് പരിധിയിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും സ്വീകരിച്ചില്ല.
മണ്ണുകടത്തുകാരുമായി അടുത്ത ബന്ധം
നഗരത്തിലേക്ക് വന്‍തോതില്‍ മണ്ണ് കടത്തിക്കൊണ്ടുവരുന്ന പ്രദേശങ്ങളിലൊന്നാണ് മംഗലപുരം. സി.ഐ. അടക്കമുള്ളവര്‍ക്ക് മണ്ണുകടത്ത് സംഘാംഗങ്ങളടക്കമുള്ള അക്രമികളുമായി ബന്ധമുണ്ടെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു. മണ്ണുകടത്ത് വാഹനങ്ങള്‍ പിടിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതും ഇവിടെ പതിവാണ്. ഈ സ്റ്റേഷനിലെ പല ഉദ്യോഗസ്ഥര്‍ക്കും അക്രമിസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. മംഗലപുരം എസ്.എച്ച്.ഒ. സജേഷിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: thiruvananthapuram mangalapuram police station suspension transfer except sweeper land mafia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..