തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്, സൂര്യ ഉദയകുമാര്‍ എന്നിവരാണ് മരിച്ച നാല് പേര്‍.
മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. KL 02 BK 9702 എന്ന നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.
സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.
അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെക്കുറേ തകര്‍ന്ന അവസ്ഥയിലാണുള്ളത്.
content highlights: thiruvananthapuram kallambalam thottakkad accident death