തിരുവനന്തപുരത്തും പരിശോധന; ഹോട്ടലുകള്‍ പൂട്ടിച്ചു, പാറ്റകളെ ഉദ്യോഗസ്ഥര്‍ കൊണ്ടുവച്ചെന്ന് ഉടമകള്‍


പ്രത്യേക പരിശോധനയുടെ ഭാഗമായി അട്ടക്കുളങ്ങരയിലെ ഹോട്ടലിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കുനേരേ ഉടമയും ജീവനക്കാരും തട്ടിക്കയറി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടപ്പിച്ചപ്പോൾ | Photo: Mathrubhumi

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് യുവതി മരിച്ചതിനെ തുടർന്ന് ജില്ലയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി.

പ്രത്യേക പരിശോധന എന്നനിലയിൽ ആകെ 46 ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസ് ഇല്ലാത്തതുമായ 11 എണ്ണം പൂട്ടി.

അട്ടക്കുളങ്ങര ബുഹാരി ഹോട്ടൽ അടപ്പിക്കാനുള്ള ശ്രമം ഹോട്ടൽ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കത്തിനിടയാക്കി. മറ്റു ചില ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയെങ്കിലും അവയുടെ കണക്ക് ലഭ്യമല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പരിശോധിച്ചതും അടപ്പിച്ചതും ജില്ലയിലാണ്. അടുക്കളയും പരിസരവും വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വൃത്തിയാക്കിയശേഷം തുറന്നുപ്രവർത്തിക്കാമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിനു പുറമേ, മെഡിക്കൽ കോളേജ് കീർത്തി ഹോട്ടൽ, ഇടിച്ചക്കപ്ലാമൂട് ആസാദ് ബി6, കുമാരപുരത്തെ മലബാർ ഫാമിലി റസ്റ്റോറന്റ്, പിരപ്പൻകോടുള്ള പുളിമൂട് ഹോട്ടൽ, എന്റെ കൃഷ്ണ ബേക്കറി, ശ്രീകണേ്ഠശ്വരത്തെ വെട്ടുകാട്ടിൽ ഹോംമീൽസ്, നെയ്യാറ്റിൻകരയിലെ ഹോട്ടൽ ഉഡുപ്പി, പാറശ്ശാലയിലെ ഹോട്ടൽ ദേവ, കടയ്ക്കാവൂരിലെ മീനൂസ് റസ്റ്റോറന്റ്, വെമ്പായത്തെ മാണിക്കൽ റസ്റ്റോറന്റ് എന്നിവയാണ് അടപ്പിച്ചത്.

മിക്കയിടത്തും അടുക്കളയും സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറികളും ഭക്ഷണം കഴിക്കുന്ന ഇടവും വൃത്തിഹീനമായാണ് കണ്ടത്. പലയിടത്തും മാലിന്യം ശേഖരിക്കുന്ന ബിന്നുകൾ തുറന്നുവെച്ച നിലയിലായിരുന്നു.

നിലം വൃത്തിയാക്കാതെ ചെളിയും വെള്ളവും കലർന്ന് മലിനമായിരുന്നു. അനുമതിയില്ലാതെ അജിനോമോട്ടോ ഉൾപ്പെടെയുള്ള രാസപദാർഥം സൂക്ഷിച്ച ഹോട്ടലുകളിൽനിന്നു പിഴ ഈടാക്കി.

ഉദ്യോഗസ്ഥരോട് തട്ടിക്കയറി ഹോട്ടൽ ജീവനക്കാർ

തിരുവനന്തപുരം: പ്രത്യേക പരിശോധനയുടെ ഭാഗമായി അട്ടക്കുളങ്ങരയിലെ ഹോട്ടലിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കുനേരേ ഉടമയും ജീവനക്കാരും തട്ടിക്കയറി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടയ്ക്കാൻ നിർദേശിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്.

ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ തെറ്റാണെന്നായിരുന്നു അവരുടെ വാദം. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. അടുക്കളയിൽ ഭക്ഷണപദാർഥങ്ങളിലൂടെ പാറ്റകൾ ഓടുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു. ഹോട്ടലിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പഴയ ഫ്രിഡ്ജിനകത്തുനിറയെ പാറ്റയായിരുന്നു. മേശയ്ക്ക് പകരമായി ഫ്രിഡ്ജാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ അടുക്കളയിൽ നനച്ച് വിരിച്ചിരുന്ന ചാക്കുകൾ മാറ്റാനും ആവശ്യപ്പെട്ടു.

പെസ്റ്റിസൈഡ് കൺട്രോൾ സർട്ടിഫിക്കറ്റ് നേടിയശേഷം കോർപ്പറേഷന്റെ അനുമതിയോടെ ഹോട്ടൽ തുറക്കാമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പാറ്റകൾ ഉദ്യോഗസ്ഥർ കൊണ്ടുവെച്ചതെന്ന് ഉടമകൾ

പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റയെ ഉദ്യോഗസ്ഥർ ഫ്രിഡ്ജിൽ വെയ്ക്കുകയായിരുന്നുവെന്നാണ് ഉടമകളുടെ ആരോപണം. അതിനുശേഷമാണ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്തത്. രണ്ടാഴ്ചയിലൊരിക്കൽ കോർപ്പറേഷന്റെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്താറുണ്ടെന്നും ഇപ്പോൾ ഹോട്ടൽ മനഃപൂർവം അടപ്പിച്ചതാണെന്നും ഉടമകൾ പറയുന്നു.

പരിശോധനയിൽ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണമൊന്നും കണ്ടെത്തിയില്ലെന്നും അവർ പറഞ്ഞു.

സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് തർക്കിച്ചത് ബഹളത്തിനിടയാക്കി. ബഹളംകേട്ട് നാട്ടുകാർ കൂടി. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോട്ടൽ തുറക്കുന്നതെന്ന് ഉറപ്പാക്കാൻ ഫോർട്ട് പോലീസിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി.

Content Highlights: thiruvananthapuram hotel raid 11 restaurants sealed unhygienic conditions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented