തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി തിരുവനന്തപുരം മംഗലം പോലീസിന്റെ വിചിത്ര നടപടി. കണിയാപുരത്തെ യുവാവിനെ മര്‍ദിച്ച കേസിലാണ് പ്രതി ഫൈസല്‍ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ അനസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

കണിയാപുരം സ്വദേശി അനസിന് മര്‍ദനമേറ്റതും ഈ സംഭവത്തില്‍ പോലീസ് കേസെടുക്കാതിരുന്നതും സംബന്ധിച്ച് മാതൃഭൂമി ന്യൂസ് ഇന്ന് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത വന്നതിന് ശേഷമാണ് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഉച്ചയക്ക് ശേഷം കേസിലെ പ്രതി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അതിന് ശേഷം വിചിത്രമായ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

യുവാവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ട് അയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അനസിന് ക്രൂരമായ മര്‍ദനമാണ് ഇയാളില്‍ നിന്നുണ്ടായത്. അനസിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണിട്ടും പ്രതി അനസിനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ പ്രതിയെയാണ് കൊലപതാകശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പോലീസ് പറഞ്ഞുവിട്ടത്.

ഗുരുതരമായി പരിക്കേറ്റ അനസ് ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

Content Highlights: Thiruvananthapuram gunda attack