കൊച്ചി: തിരുവന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡി ആര്‍ ഐക്കു മുന്നിലാണ് വിഷ്ണു കീഴടങ്ങിയത്. വിഷ്ണുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആര്‍ ഐ കണ്ടെത്തിയിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് വിഷ്ണു. 

വിഷ്ണുവിന്റെ അറസ്റ്റ് സ്വര്‍ണക്കടത്തു കേസില്‍ ഏറെ നിര്‍ണായകമാണ്. വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തും. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വിഷ്ണുവിന്റെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തുകയും ശേഷം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്യും. 

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണക്കടത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാനായിരുന്നു ഇത്. നേരത്തെ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി വിഷ്ണു സോമസുന്ദരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ തള്ളിയ കോടതി പതിനേഴാം തിയതി കീഴടങ്ങാന്‍ വിഷ്ണുവിന് നിര്‍ദേശം നല്‍കുകയായിരുന്നു.

content highlights: thiruvananthapuram airport gold smuggling case vishnu somasundaram surrenders