തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍. ഡാം തുറന്നുവിട്ടതാണ് നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്ന് മേയര്‍ എസ്.ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ ഡാം തുറക്കേണ്ടി വന്നത് അസാധാരണ സാഹചര്യത്തിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

ഒറ്റദിവസം 22 സെന്റീ മീറ്റര്‍ മഴയാണ് ഡാം പരിസരത്ത് പെയ്തത്. ഡാം നിറഞ്ഞുകവിയുന്ന സാഹചര്യത്തില്‍ അധികൃതര്‍ കൂടിയാലോചിച്ചിട്ടാകാം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് പുലര്‍ച്ചെ ഡാം തുറന്നതെന്ന് മേയര്‍ കുറ്റപ്പെടുത്തി. 

സാധാരണ വെള്ളക്കെട്ടുണ്ടാകുന്ന തമ്പാനൂരോ കിഴക്കേക്കോട്ടയോ വെള്ളപ്പൊക്കമുണ്ടായില്ല പകരം കരമനയാറിന്റെയും കിളളിയാറിന്റെയും തീരത്താണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളിയാഴ്ച രണ്ടുമണിയോടുകൂടിയാണ് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. അത് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

മുന്നറിയിപ്പ് ലഭിക്കാത്തതിനാല്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍ക്കിനോ സുരക്ഷാനടപടികള്‍ സ്വീകരിക്കാനോ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights:Thiruvananthapuram Flood:The corporation criticises district administration