തിരുവനന്തപുരം: തിരുവനന്തപുരത്തെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സ്ഥലംമാറിപ്പോകുന്ന കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായാണ് തിരുവനന്തപുരത്തെക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. അഗസ്ത്യാര്‍കൂടത്തിന്റെ കരുത്തും തലയെടുപ്പുമാണ് ഈ നാടിന്റെ കരുതലിനെന്ന് അദ്ദേഹം ഓര്‍മിക്കുന്നു.

സഹ്യാദ്രി മലനിരകളുടെ കുളിര്‍മയാണ് ഇവിടത്തെ സ്നേഹത്തിന്. തുലാവര്‍ഷപ്പെരുമഴ പോലെ തുള്ളിക്കൊരു കുടം പോലെ പെയ്തൊഴിയുന്നതാണ് ഈ നാടിന്റെ സങ്കടങ്ങള്‍. താന്‍ അനുഭവിച്ച തിരുവനന്തപുരത്തെ കളക്ടര്‍ വാക്കുകള്‍കൊണ്ട് മനോഹരമായി വരച്ചിടുന്നു.

സെക്രട്ടേറിയറ്റ്, കേരളത്തിലെ ആദ്യ സര്‍വകലാശാല, ആദ്യ മെഡിക്കല്‍ കോളേജ്, ആദ്യ റേഡിയോ സ്റ്റേഷന്‍, ടെലിവിഷന്‍ കേന്ദ്രം, മൃഗശാല, മ്യൂസിയം, വാനനിരീക്ഷണ കേന്ദ്രം, സര്‍ക്കാര്‍ ആശുപത്രി, ലോ കോളേജ്, വനിതാ കോളേജ്, പബ്ലിക് ലൈബ്രറി എല്ലാം ഇവിടെയാണ്.

മഹാത്മാ അയ്യന്‍കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാരഥന്‍മാരുടെ ജന്മസ്ഥലം.

ലോകത്തേറ്റവും സമ്പന്നമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ബീമാപള്ളിയും വെട്ടുകാട് പള്ളിയും മതസൗഹാര്‍ദത്തിന്റെ മഹനീയ ഇടം. തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം കുറിക്കുന്നു.

ചരിത്രസാക്ഷികളായി നില്‍ക്കുന്ന മനോഹരങ്ങളായ യൂണിവേഴ്സിറ്റി കോളേജും മ്യൂസിയവും പബ്ലിക് ഓഫീസും പ്രൗഢമായ പാരമ്പര്യത്തെയും ഓര്‍മിപ്പിക്കുന്നു. ചാലയും പാളയവും ഗ്രാമച്ചന്തകളായ ആറാലുംമൂടും മാമവും കാട്ടാക്കടയും തിരുവനന്തപുരത്തിന്റെ നന്മനിറയുന്ന വ്യാപാരജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും കുറിപ്പിലുണ്ട്.

ഇവിടത്തുകാര്‍ മനസ്സുനിറയെ നല്ല സ്വപ്നമുള്ള അധ്വാനികള്‍. ഇവിടത്തെ ഓര്‍മകള്‍ മനോഹരങ്ങളാണ്. അവ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തലസ്ഥാനത്തെക്കുറിച്ച് സ്ഥലംമാറിപ്പോകുന്ന കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ വികാരനിര്‍ഭരമായ കുറിപ്പ്

Content Highlights: Thiruvananthapuram district collector Kgopalakrishnan fb post about thiruvananthapuram