സ്വപ്ന സുരേഷ്, എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ്, സന്തോഷ് ഈപ്പൻ | Photo: Mathrubhumi
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിന് അനുബന്ധമായിവന്ന ഡോളർക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും പിടിമുറുക്കുന്നു. കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ തുടർച്ചയായി ചോദ്യംചെയ്യുകയാണ് ഉദ്യോഗസ്ഥർ. വൈകാതെ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ചോദ്യംചെയ്യും.
ലൈഫ് മിഷൻ പദ്ധതിയിൽ തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് യു.എ.ഇ. റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ 3.80 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു മൊഴി. നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു ഇത്.
ഇ.ഡി.ക്ക് സ്വപ്നാ സുരേഷ് ജയിലിൽ നൽകിയ മൊഴിയിൽ ആറു കോടി രൂപയാണ് കോഴപ്പണമെന്ന് വെളിപ്പെടുത്തിയിരുന്നു. ഖാലിദിന് നൽകിയ 3.80 കോടി രൂപ മാത്രമല്ല കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ഇതാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഇ.ഡി.യെ പ്രേരിപ്പിച്ചത്.
രണ്ടു കോടിയോളം രൂപ സന്തോഷ് ഈപ്പൻ, കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് നൽകിയെന്നും ഇ.ഡി. സംശയിക്കുന്നു. കസ്റ്റംസിനോടും സി.ബി.ഐ.യോടും സന്തോഷ് ഈപ്പൻ കമ്മിഷൻ തുകയുടെ കണക്ക് പറഞ്ഞത് കളവാണെന്നാണ് ഇ.ഡി. കരുതുന്നത്.
ഈ ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണിപ്പോൾ നടക്കുന്നത്. കേസിന്റെ തുടക്കത്തിൽ പരാമർശിക്കാതിരുന്ന തുകയെക്കുറിച്ച് ജയിലിൽ വെളിപ്പെടുത്തിയതിന്റെ കാരണങ്ങളും ആർക്കൊക്കെ പണം ലഭിച്ചെന്നതുമാണ് അന്വേഷിക്കുന്നത്. സ്വപ്ന, സന്ദീപ് നായർ, പി.എസ്. സരിത്ത്, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്തേക്കും.
Content Highlights: thiruvananthapuram diplomatic channels gold smuggling dollar smuggling ed santhosh eapen questioning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..