തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പുതിയതായി വാങ്ങിയ സ്കൂൾബസിന്റെ ഡ്രൈവറായി ചുമതലയേറ്റ സുജയെ മകളും ആ സ്കൂളിലെ വിദ്യാർഥിനിയുമായ അഹിജ അഭിനന്ദിക്കുന്നു -ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: കൈകൊടുത്തു പുഞ്ചിരിച്ച് ഡ്രൈവിങ് സീറ്റിനരികില്‍ അമ്മയോടു ചേര്‍ന്ന് അഹിജ നിന്നു. മകളെ സാക്ഷിയാക്കി സുജ ബസിന്റെ സ്റ്റിയറിങ് തിരിച്ചു. സ്കൂള്‍ അങ്കണത്തിലൂടെ കുട്ടികളെയും കൂട്ടി ഒരു കുട്ടി ട്രിപ്പ്.
മകള്‍ പഠിക്കുന്ന സ്കൂളില്‍ ഡ്രൈവറായി അമ്മയെത്തുമ്പോള്‍ ഗവ. കോട്ടണ്‍ഹില്‍ സ്കൂളിന് ഇതു പുതുചരിത്രം. ഇടയ്ക്കിടെ സഡന്‍ ബ്രേക്കിടുന്ന ജീവിതത്തെ അതിദൂരം ഓടിക്കാനുള്ള ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്ന് സുജ പറയുന്നു. പി.ടി.എ. ഫണ്ട് വകയിരുത്തി വാങ്ങിയ ബസിന്റെ താക്കോല്‍ മന്ത്രി ജി.ആര്.അനില്‍ കൈമാറുമ്പോള്‍ അഹിജയുടെ കൂട്ടുകാരും കൈയടിച്ച് ഒപ്പം കൂടി. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അഹിജ.
ചെറുപ്പത്തില്‍ ഡ്രൈവിങ്ങിനോടു തോന്നിയ കമ്പമാണ് ഇന്ന് കോട്ടണ്‍ഹില്‍ സ്കൂളിന്റെ ബസ് ഡ്രൈവര്‍ സീറ്റിലേക്ക് സുജയെ എത്തിച്ചത്. തനിക്ക് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന ആഗ്രഹം വിവാഹസമയത്ത് ഭര്‍ത്താവ് അല്‍ഫോണ്‍സിനോടു പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയില്‍ ലക്ഷ്യങ്ങളോരോന്നായി നേടിയെടുക്കുകയാണ് സുജ.
കെ.എസ്.ആര്.ടി.സി. എംപാനല്‍ ജീവനക്കാരിയായാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ഡ്യൂട്ടിയില്ലാത്ത സമയത്ത് ഷീ ടാക്സിയുടെ സാരഥിയായും തിളങ്ങി. എന്നാല്‍, 2018-ല്‍ എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്.ടി.സി. പിരിച്ചുവിട്ടതോടെ ജീവിതം കട്ടപ്പുറത്തായി. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ചിക്കന്‍സ്റ്റാള്‍ ആരംഭിച്ചു. തമിഴ്നാട്ടിലേക്ക് ലോറി ഓടിച്ചുപോയി ലോഡെടുക്കുന്നതും സുജയായിരുന്നു.
കോവിഡ് രണ്ടാംതരംഗം സുജയെയും കുടുംബത്തെയും സാമ്പത്തികമായി തളര്‍ത്തി. കടം വീട്ടുന്നതിനായാണ് 2022-ല്‍ പ്ലാമൂട് കിഡീസ് മോണ്ടിസോറി സ്കൂളില്‍ ഡ്രൈവറായി ചേരുന്നത്. ഡ്രൈവര്‍ ജോലിക്കൊപ്പം അധ്യാപികയാകാനുള്ള പരിശീലനവും അവിടെനിന്നാരംഭിച്ചു. മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയതിനൊപ്പം സൈക്കോളജി കൗണ്‍സിലിങ് കോഴ്സും ചെയ്തു.
പത്രപ്പരസ്യം കണ്ടാണ് കോട്ടണ്‍ഹില്ലില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഡ്രൈവര്‍ ജോലിക്കൊപ്പം അധ്യാപനത്തിലും സുജയ്ക്ക് താല്‍പ്പര്യമുണ്ട്. പാപ്പനംകോട് ചൂഴാറ്റുകോട്ട സ്വദേശിനിയാണ്. മോഹന്‍ദാസ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ അഹിജാണ് മകന്. ഭര്‍ത്താവ് അല്‍ഫോണ്‍സ് ചിക്കന്‍സ്റ്റാള്‍ നടത്തുന്നു.
Content Highlights: Thiruvananthapuram cotton hill school bus driver mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..