തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നികുതിപ്പണം തിരിമറി ചെയ്യപ്പെട്ട സംഭവം സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ചൊവ്വാഴ്ച നടന്ന നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അവര്‍ വിശദീകരിച്ചു. നികുതിപ്പണം തിരിമറി ചെയ്തതുമായി  ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ മേയര്‍ കൗണ്‍സിലില്‍ വിശദീകരിച്ചു. ഐ കെ. എം സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു.

ആറ്റിപ്ര, നേമം, ശ്രീകാര്യം സോണല്‍ ഓഫീസുകള്‍ നന്നായി 32 ലക്ഷം രൂപയുടെ ക്രമക്കേട് ആണ് നഗരസഭ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നഷ്ടമായ തുക ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കാനാണ് നഗരസഭയുടെ തീരുമാനം.

ഇതിനായി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ആറ്റിപ്ര സോണല്‍ ഓഫീസില്‍ ക്രമക്കേടില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വര്‍ഷങ്ങളായി കരമടച്ച കെട്ടിടങ്ങളുടെും മറ്റും തുക നഗരസഭാ അക്കൗണ്ടിലേക്ക് വരവ് വെക്കാതെ നടത്തിയ തട്ടിപ്പ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. വിഷയത്തില്‍ ബിജെപി ദിവസങ്ങളായി സമരത്തിലാണ്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്നത്തെ കൗണ്‍സില്‍ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.