തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സര കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നിലവിലെ ഭരണ കക്ഷിയായ എല്‍ഡിഎഫും മുഖ്യ പ്രതിപക്ഷമായ ബിജെപിയും യുവാക്കളുടെ ഒരു പടയെ തന്നെയാണ് അണിനിരത്തിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 100 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 70 വാര്‍ഡുകളിലാണ് സി.പി.എം. മത്സരിക്കുക. 70 വാര്‍ഡുകളില്‍ 41 എണ്ണവും സ്ത്രീ സംവരണ വാര്‍ഡുകളാണ്. ഇതിന് പുറമെ അഞ്ച് ജനറല്‍ വാര്‍ഡുകളില്‍ കൂടി വനിതകളെ നിര്‍ത്തിയാണ് പുരോഗമന പട്ടിക സി.പി.എം. പുറത്തുവിട്ടത്.

മാത്രമല്ല ഈ പട്ടികയിലുള്ള 22 പേര്‍ 40 വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫില്‍, എഞ്ചിനീയറിങ്, ബിഡിഎസ്, എല്‍.എല്‍.ബി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരെയാണ് സി.പി.എം. അണിനിരത്തിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള യുവാക്കളുടെ വോട്ട് നിര്‍ണായകമാകുന്നതിനാലാണ് പ്രായമായവരെ പരമാവധി കുറച്ച് യുവമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

അതേസമയം ബി.ജെ.പി.യും യുവാക്കളെ രംഗത്തിറക്കുന്നതില്‍ പിന്നിലല്ല. ആദ്യഘട്ടമായി പ്രഖ്യാപിച്ച 38 സ്ഥാനാര്‍ഥികളില്‍ പകുതിയോളം യുവാക്കളാണ്. സംവരണ വാര്‍ഡുകള്‍ക്ക് പുറമെ ജനറല്‍ വാര്‍ഡുകളിലേക്ക് എത്ര സ്ത്രീകളെ ബി.ജെ.പി. മത്സരിപ്പിക്കുമെന്നത് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമാകുമ്പോള്‍ മാത്രമേ വ്യക്തമാകൂ. എന്നിരുന്നാലും പരമാവധി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

പക്ഷെ യു.ഡി.എഫില്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലയെന്ന പരാതി ഉയരുന്നുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട വാര്‍ഡുകളിലേക്ക് 50 വയസ് കഴിഞ്ഞവര്‍ മത്സരിക്കാനായി എത്തുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചുകഴിഞ്ഞു. രണ്ടും മൂന്നും തവണ മത്സരിച്ച് ജയിക്കുകയും യൗവനകാലത്ത് അതിന്റെ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടും യുവാക്കള്‍ക്ക് വേണ്ടി മാറിക്കൊടുക്കാതെ അവരുടെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Content Highlights: Thiruvananthapuram corporation, Local Body Election, CPM, BJP, congress