നികുതി തട്ടിപ്പ്, പൊങ്കാല വെട്ടിപ്പ്, ജാതി തിരിച്ച് കായികടീം; വിവാദങ്ങളില്‍ തിരുവനന്തപുരം കോർപറേഷന്‍


സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഒന്നിനൊന്നായി നിരവധി അഴിമതി ആരോപണങ്ങളും ക്രമക്കേടുകളുമാണ് തിരുവന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് പുറത്ത് വന്നത്

മേയർ ആര്യ രാജേന്ദ്രൻ | Photo: ANI

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെ ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം നഗരസഭയുടെ തലപ്പത്തേക്ക് എത്തിയതിനെ വളരെ പ്രതീക്ഷയോടെയാണ് പലരും നോക്കിക്കണ്ടത്. രാഷ്ട്രീയ പരിചയമില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായും പ്രവൃത്തിയിലൂടെയും മറുപടി നല്‍കാന്‍ ആര്യയും പാര്‍ട്ടിയും എല്ലാഘട്ടത്തിലും ശ്രമിച്ചിരുന്നു. എന്നാല്‍, സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഒന്നൊന്നായി നിരവധി അഴിമതിയാരോപണങ്ങളും ക്രമക്കേടുകളുമാണ് തിരുവന്തപുരം കോര്‍പ്പറേഷനെതിരേ ഉയർന്നുവന്നത്. കെട്ടിടനമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം മുതല്‍ ഇപ്പോള്‍ പാർട്ടി പ്രവർത്തകർക്ക് വഴിവിട്ട് ജോലി നല്‍കാനുള്ള നീക്കംവരെ അത് നീളുന്നു.

ആറ്റുകാല്‍ പൊങ്കാല ശുചീകരണ അഴിമതി
കോവിഡ് കാലത്ത് നടന്ന ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പൊങ്കാലയ്ക്കുശേഷമുള്ള ശുചീകരണത്തിനായി 21 ടിപ്പര്‍ലോറികള്‍ വാടകയ്ക്ക് എടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കോവിഡ് കാലമായതിനാല്‍ വീടുകളിലായിരുന്നു ആ വര്‍ഷം ഭക്തര്‍ പൊങ്കാല അര്‍പിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പണ്ടാര അടുപ്പില്‍ മാത്രമായിരുന്നു പൊങ്കാല. ഈ സാഹചര്യത്തിലും ശുചീകരണത്തിനെന്ന പേരില്‍ വന്‍തുക ചെലവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, പൊങ്കാല മാത്രമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്നതെന്നും ആചാരനുഷ്ഠാനങ്ങളില്‍ മാറ്റമില്ലാതിരുന്നതിനാല്‍ സാധാരണഗതയില്‍ ഉണ്ടാകുന്ന മാലിന്യം ഉണ്ടായിരുന്നെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കി. പൊങ്കാലയ്ക്കുപിന്നാലെ 28 ലോഡ് മാലിന്യം നീക്കിയെന്നും അവര്‍ വിശദീകരിച്ചു.നികുതി തട്ടിപ്പ്
കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങള്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയ തുക അക്കൗണ്ടില്‍ വരവുവയ്ക്കാതെയും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. കെട്ടിട നികുതിയായും ലൈസന്‍സ് ഫീസായും അടച്ച തുകയും കണക്കില്‍ വരവുവെക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ലഭിക്കുന്ന ചെക്കുകള്‍ ബാങ്കില്‍ നല്‍കാതെ നികുതി ഒടുക്കിയതായി രേഖകള്‍ നല്‍കി എന്നായിരുന്നു പിന്നീട് കണ്ടെത്തല്‍.

വിവരം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കി. ഇതോടെ തട്ടിപ്പ് നടന്നതായി മേയര്‍ക്ക് സമ്മതിക്കേണ്ടിവന്നു. തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് മേയര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയുണ്ടായി. സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നുതന്നെയോ തൊട്ടടുത്ത പ്രവൃത്തിദിവസം രാവിലെ 12-ന് മുന്‍പോ വികാസ് ഭവനിലെ എസ്.ബി.ഐയില്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍.

എല്‍.ഇ.ഡി. കരാര്‍ തട്ടിപ്പ്
നഗരത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന്‍ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിയെന്നായിരുന്നു ആരോപണം. 2021 ഫെബ്രുവരിയിലുള്ള കരാറിലൂടെ 18 ലക്ഷം രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളെല്ലാം ഇ ടെന്‍ഡര്‍ വിളിക്കാതെ നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം ചൂണ്ടിക്കാട്ടിയിട്ടും ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നു.

10,000 എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ ആദ്യം ഇ ടെന്‍ഡര്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെ.എസ്.ഐ.ഇ, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ് (കെല്‍) എന്നിവര്‍ ക്വട്ടേഷന്‍ നല്‍കി. കെല്‍ ഏറ്റവും കുറഞ്ഞ തുകയായ 2350 രൂപയാണ് ക്വോട്ട് ചെയ്തത്. 2450 രൂപയായിരുന്നു യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇ ടെന്‍ഡറില്‍ ക്വാട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇ- ടെന്‍ഡര്‍ മറികടന്ന് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാറ് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കരാര്‍ തുക കുറവായിരുന്നിട്ടും തങ്ങളെ ഒഴിവാക്കി മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കിയതിനെ ചോദ്യംചെയ്ത് കെല്‍ മേയര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇ- ടെന്‍ഡര്‍ വേണ്ടെന്ന് വെച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാര്‍ നല്‍കിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

കെട്ടിട നമ്പര്‍ അഴിമതി
കോര്‍പ്പറേഷന്‍ പരിധിയില്‍ കേശവദാസപുരം വാര്‍ഡിലെ രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോര്‍പ്പറേഷന്റെ ആഭ്യന്തര അന്വേഷണത്തിലായിരുന്നു തട്ടിപ്പ് വ്യക്തമായത്. കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പിന് പിന്നാലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഫെബ്രുവരിയില്‍ അനുവദിച്ച കെട്ടിടനമ്പറുകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു. വാര്‍ഡിന്റെ ചുമതലയില്ലാത്ത ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചായിരുന്നു ക്രമക്കേട്. തിരുവല്ലം സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറുടെ പാസ് വേഡ് ഉപയോഗിച്ച് കെട്ടടത്തിന് നമ്പര്‍ അനുവദിക്കുകയായിരുന്നു.

പട്ടികജാതി ഫണ്ട് തട്ടിപ്പ്
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പട്ടികജാതി വനിതകള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തെന്നായിരുന്നു കേസ്. കോര്‍പ്പറേഷനില്‍നിന്ന് പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ സബ്സിഡി ഗുണഭോക്താക്കള്‍ അറിയാതെ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ വാര്‍ത്ത 'മാതൃഭൂമി'യാണ് പുറത്തുകൊണ്ടുവന്നത്. ഒന്നരക്കോടി രൂപയിലധികം ഇത്തരത്തില്‍ തട്ടിയെടുത്തുവെന്ന് നഗരസഭ പരാതി നല്‍കി. എന്നാല്‍, മൂന്ന് കോടി രൂപയോളം തട്ടിച്ചെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജാതി തിരിച്ച് കായിക ടീം
നഗരസഭയ്ക്ക് ജനറല്‍ വിഭാഗത്തിനും എസ്.സി/ എസ്.ടി. വിഭാഗത്തിനും ജാതിതിരിച്ചു കായിക ടീം ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. മേയറുടെ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി./ എസ്.ടി. വിഭാഗത്തിനും പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഓരോ ടീമുകള്‍ വെവ്വേറെ ഉണ്ടാകുമെന്നായിരുന്നു മേയര്‍ അറിയിച്ചത്.

വിവിധ കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഉണ്ടാക്കിയ സ്‌പോര്‍ട്‌സ് ടീമിന്റെ സെലക്ഷന്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് വിവാദമായത്. ജാതി തിരിച്ച് ടീമുണ്ടാക്കുന്നത് ഇന്നേവരെ കാണാത്ത കാര്യമാണെന്ന വിമര്‍ശനം വന്നതോടെ വിശദീകരണവുമായി മേയര്‍ രംഗത്തെത്തി. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിച്ചുവെന്നായിരുന്നു വിശദീകരണം. ജനറല്‍, എസ്.സി./ എസ്.ടി. വിഭാഗങ്ങള്‍ക്കായി കായിക പരിശീലനം നല്‍കിവരുന്നുണ്ടെന്ന് പറഞ്ഞ മേയര്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അന്ന് തടിയൂരിയത്.

അക്ഷരശ്രീ തട്ടിപ്പ്
തിരുവനന്തപുരം നഗരസഭയിലെ നൂറ് വാര്‍ഡുകളില്‍ സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനായി 2017 സെപ്റ്റംബര്‍ മാസത്തില്‍ 4.15 കോടി ചെലവില്‍ തുടക്കംകുറിച്ച പദ്ധതിയാണ് 'അക്ഷരശ്രീ'. ഇതിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താന്‍ നടത്തിയ സര്‍വ്വേ തന്നെ തട്ടിപ്പായിരുന്നുവെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു. നഗരത്തില്‍ 11,700 നിരക്ഷരര്‍ ഉണ്ടെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയ ആളുകളില്‍ അഭ്യസ്തവിദ്യര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. പല വാര്‍ഡുകളിലും സര്‍വ്വേ നടത്താന്‍ ആരും എത്തിയിരുന്നില്ല എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

നിരക്ഷരരുടെ കണക്ക് പെരുപ്പിച്ച് കാട്ടി നഗരസഭയുടെ ഫണ്ട് വെട്ടിക്കാനുള്ള പദ്ധതിയാണ് ഇതെന്നാണ് അന്നുയര്‍ന്ന ആരോപണങ്ങള്‍. 11,700 നിരക്ഷരര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടും അക്ഷരശ്രീ പദ്ധതി പ്രകാരം ചുരുക്കംപേര്‍ക്കു മാത്രമേ സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഇതാണ് ഫണ്ട് വെട്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്.

ഇതിനെല്ലാം പുറമേയാണ് കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ 285 ദിവസവേതന തസ്തികളിലേക്കുള്ള താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരെ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നത്. പിന്നാലെ, എസ്.എ.ടി. ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അയച്ച കത്തും പുറത്തുവന്നു.

Content Highlights: allegations against thiruvanathapuram mayor arya rajendran by bjp and congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented