തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.

അണ്‍ലോക്കിന്റെ ഭാഗമായി ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്‌പെഷല്‍ ട്രെയിനുകളും കേരളത്തില്‍നിന്ന് ദക്ഷിണ റെയില്‍വേ ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.

ഇപ്പോള്‍ ദക്ഷിണ റെയില്‍വേ തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ സമയത്ത് ഈ മാസം 27 മുതല്‍ സ്‌പെഷല്‍ ചെന്നൈ മെയില്‍ ഓടിത്തുടങ്ങും. രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചയാണ്.

ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 8.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.10നാണ് മംഗലാപുരത്ത് എത്തിച്ചേരുക. റിസര്‍വേഷനിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.

പതിവ് ട്രെയിന്‍ സര്‍വീസുകള്‍ എപ്പോള്‍ തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചാലും പൂര്‍ണമായും സജ്ജമാണെന്ന് ഡിവിഷന്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

content highlights: thiruvananthapuram-chennai train service