വിജയവാഡ: ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍വച്ച് പാളംതെറ്റി. ആര്‍ക്കും പരിക്കില്ല. പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
യേര്‍പേട് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കല്‍ റിലീഫ് വാനും സ്ഥലത്തെത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരും റെയില്‍വെ ഉദ്യോഗസ്ഥരും അപകട കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
അപകടത്തെത്തുടര്‍ന്ന് കേരള എക്‌സ്പ്രസിന് പുറമെ ടാറ്റാ - യെശ്വന്ത്പുര്‍ എക്‌സ്പ്രസ് (12889), ഹൗറ - യശ്വന്ത്പുര്‍ എക്‌സ്പ്രസ് (12863), ഹൈദരാബാദ് - കൊച്ചുവേളി ശബരി എക്‌സ്പ്രസ് എന്നിവ വൈകുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു.
Content Highlights: Thiruvananthapuram bound kerala express suffers wheel disk break