തിരുവനന്തപുരം: ഏവിയേഷന്‍ അക്കാദമി വിദ്യാര്‍ത്ഥിനി ആതിര സഹപാഠികളുടെ പീഡനത്തെതുടര്‍ന്ന് ഓടിരക്ഷപ്പെടുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീഴുകയായിരുന്നുവെന്ന് അമ്മ ഇന്ദിര. മകള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് സഹപാഠികളേയും പ്രിന്‍സിപ്പാളിനേയും രക്ഷിക്കുന്നതിനാണെന്നും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ആതിര കോഴ്സിന്റെ ഭാഗമായ ട്രെയിനിംഗിനിടെ കോഴിക്കോട് വിമാനത്താവളത്തിന് സമീപമുള്ള ന്യൂമാന്‍ ലോഡ്ജ് കെട്ടിടത്തിന് മുകളില്‍ നിന്നാണ് വീണത്. അമ്മയും ആതിരയുടെ ഭര്‍ത്താവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 ആതിര ആത്മഹത്യ ശ്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസും സ്ഥാപനമേധാവികളും ആതിര ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് വരുത്തി തീര്‍ക്കുകയാണ്. സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ശാരീരികമായി ആതിരയെ ഉപദ്രവിച്ചിട്ടുണ്ട്. സ്ഥാപന മേധാവി ആതിരയെ നിരന്തരമായി ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. 

വിഷയത്തില്‍ കൊണ്ടോട്ടി പോലീസാണ് കേസെടുത്തത്. പ്രിന്‍സിപ്പാളിനേയും വിദ്യാര്‍ത്ഥികളേയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേസെടുത്ത പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പട്ടികജാതി-പട്ടിക വര്‍ഗ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനമേധാവികള്‍ക്കെതിരെ നടപടിയെടുക്കണം. ആതിരയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.