തിരുവനന്തപുരം: വെങ്ങാനൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചന, ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛന്‍ അശോകന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിക്കുന്നതിന് തലേദിവസം അര്‍ച്ചന സുരേഷിനൊപ്പം വീട്ടില്‍ വന്നിരുന്നു. അന്ന് സുരേഷിന്റെ കയ്യില്‍ ഒരു ലിറ്ററിന്റെ കുപ്പിയില്‍ ഡീസലുണ്ടായിരുന്നു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നല്‍കി. ഉപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ അവയെന്നും ഇട്ടിട്ട് പോകുന്നില്ല എന്നായിരുന്നു സുരേഷ് മറുപടി നല്‍കിയതെന്നും അശോകന്‍ പറഞ്ഞു. 

അര്‍ച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അര്‍ച്ചനയും സുരേഷും അഭിനയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അര്‍ച്ചനയെ സുരേഷ് ജോലിക്ക് വിട്ടിരുന്നില്ലെന്നും അശോകന്‍ പറഞ്ഞു. അര്‍ച്ചനയും സുരേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ പേരില്‍ സുരേഷ് ഇടയ്ക്കിടയ്ക്ക് പിണങ്ങിപ്പോകാറുണ്ടായിരുന്നു. ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് മടങ്ങി വരാറ്. വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. സുരേഷിന്റെ വീട്ടുകാരുടെ അറിവോടു കൂടിയാണ് പോയതെങ്കില്‍ കൂടിയും എവിടെയാണ് ഉള്ളതെന്ന് അവര്‍ പറയില്ല. പലയിടത്തും തിരക്കിയാണ് എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുകയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: thiruvananthapuram archana death father responds