
തിരുവനന്തപുരം വിമാനത്താവളം. Photo: Mtahrubhumi Archives| MP Unnikrishnan
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ റിട്ട് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല വിധി സുപ്രീം കോടതി റദ്ദാക്കി. വിമാനത്താവള കൈമാറ്റത്തിന് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീം കോടതി തള്ളി.
അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി വിധി. വിമാനത്താവളം കൈമാറാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ റിട്ട് ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. വിമാനത്താവളം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി മെറിറ്റില്‍ കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
വിമാനത്താവളം കൈമാറാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് ആദ്യം തങ്ങളെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് സി.യു. സിംങ്ങും, സി.കെ. ശശിയും വാദിച്ചു.
വിമാനത്താവളത്തില്‍ 140 കോടിയില്‍ അധികം രൂപ ഇതുവരെ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന് ഭാരവാഹികള്‍ ആയ കെ.പി.സുരേഷ്, അജിത്ത് കുമാര്‍ എന്നിവര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ഗോപാല്‍ ശങ്കര നാരായണ്‍ ഹാജരായി.
content highlights: thiruvananthapuram airport; supreme court tells high court to consider state goverment's petition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..