തിരുവനന്തപുരം: പരിഗണിക്കാന്‍ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിനു പുരോഗതിയുണ്ടാകാന്‍ വഴിയൊരുങ്ങുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു.

ഗതാഗതസൗകര്യത്തിന്റെ അഭാവംകൊണ്ടാണ് തിരുവനന്തപുരത്ത് വന്‍കിട കമ്പനികളൊന്നും നിക്ഷേപത്തിനു തയ്യാറാകാത്തത്. അദാനിക്കു പകരം സംസ്ഥാന സര്‍ക്കാരാണ് വിമാനത്താവളം ഏറ്റെടുത്തതെങ്കില്‍ അതിയായി സന്തോഷിച്ചേനേ. ആരുവന്നാലും ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്മയുണ്ടാകണമെന്നാണ് ആഗ്രഹം. പായസം രുചിച്ച് നോക്കിയാലേ മധുരം അറിയാനാകൂ. വിമാനത്താവള കൈമാറ്റത്തിന്റെ രുചി അറിയാന്‍ തുടങ്ങുന്നതേയുള്ളൂ. അതില്‍ തൃപ്തിയില്ലെങ്കില്‍ വിമര്‍ശിക്കുകയും പരാതി ഉയര്‍ത്തുകയും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു

നിയമവിരുദ്ധം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്കു കൈമാറുന്നത് നിയമവിരുദ്ധമാണ്. ഈ കൈമാറ്റത്തിനെതിരേ കേരള സര്‍ക്കാരും വിമാനത്താവള കര്‍മസമിതിയും നല്‍കിയ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. ഇതില്‍ വിധി വരുന്നതിനു മുമ്പ് വിമാനത്താവളം കൈമാറുന്നതു ശരിയല്ല. വിമാനത്താവളത്തിനായി 625 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. ഇത് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ല.

എം.വിജയകുമാര്‍, ചെയര്‍മാന്‍, വിമാനത്താവള ആക്ഷന്‍ കമ്മിറ്റി

വികസനക്കുതിപ്പിനു സഹായിക്കും

: വിമാനത്താവളത്തിന്റെ വികസനക്കുതിപ്പിന് ഈ കൈമാറ്റം സഹായിക്കും. വലിയ വികസനവും തൊഴിലവസരവുമാണ് വിമാനത്താവള വികസനത്തോടെ തലസ്ഥാനത്തെ കാത്തിരിക്കുന്നത്.വി.വി.രാജേഷ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്

Content Highlights: thiruvananthapuram airport-adani-shashi tharoor-congress-bjp-cpm